കഞ്ചാവ് കെണി: പ്രതികളെക്കുറിച്ച് സൂചന, അറസ്റ്റ് വൈകുന്നു

ganja-trap
SHARE

ഒാട്ടോറിക്ഷയില്‍ കഞ്ചാവു കണ്ടെത്തിയതിനെ തുടര്‍ന്ന്  ജയിലിലടച്ച യുവാവിനെ കേസില്‍ കുടുക്കിയതാണന്ന് സംശയം. അറസ്റ്റു ചെയ്ത എസ്.ഐ തന്നെ യുവാവിന് പങ്കില്ലെന്നും മറ്റാരുടേയും ഗൂഢാലോചന കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കഴിഞ്ഞ നാലു മാസമായി കാത്തിരിക്കുകയാണ് മലപ്പുറം കാരാത്തോട് ഞാറക്കാടന്‍ ഫാജിദും കുടുംബവും.

കാരാത്തോട് ടൗണില്‍ വച്ചാണ് വേങ്ങര പൊലീസ് ഫാജിദിനെ ഒാട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി രണ്ടേകാല്‍ കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. കാരാത്തോട് ടൗണിലെ യുണൈറ്റഡ് ക്ലബിന്റെ പ്രസിഡന്റ് കൂടിയായ ഒാട്ടോ ഡ്രൈവര്‍ ഫാജിദിന് കഞ്ചാവുമായി ബന്ധമുണ്ടാകില്ലെന്ന് നാടാകെ ഉറപ്പിച്ചു പറഞ്ഞതോടെ പൊലീസ് വിശദമായി അന്വേഷണം നടത്തി.  നാട്ടുകാര്‍ നല്‍കിയ തെളിവു കൂടി പരിശോധിച്ചതോടെ രണ്ടു പേര്‍ ചേര്‍ന്ന് കഞ്ചാവ് കൊണ്ടുവന്നു വച്ചതാണന്ന സംശയം ബലപ്പെട്ടു. ഇതോടെ വടകരയില്‍  ജയില്‍ ശിക്ഷ അനുഭവിച്ച ഫാജിദിന് ഏഴു ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.

കഞ്ചാവുകേസില്‍ പ്രതിയായ ഫാജിദിന് പുറത്തിറങ്ങാന്‍ കഴിയാതായി. അപമാനഭാരം മൂലം മക്കളെ സ്കൂളില്‍ വിടാനാവാതെ ഭാര്യയും കുടുംബവും വിഷമത്തിലായി. ആകെയുളള വരുമാനമായ ഒാട്ടോറിക്ഷ പൊലീസ് കസ്റ്റഡില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഫാജിദിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് പേര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.   പ്രാദേശിക തര്‍ക്കങ്ങളുടെ പേരില്‍ ചില ശത്രുക്കള്‍  ചേര്‍ന്ന് കുടുക്കിയതാണന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് വച്ചവരെക്കുറിച്ച് നാട്ടുകാര്‍ തന്നെ പൊലീസിന് സൂചന നല്‍കിയിട്ടും പ്രതികളുടെ അറസ്റ്റ് വൈകുകയാണ്.  

MORE IN Kuttapathram
SHOW MORE