കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; ആംപ്യൂളുകളും ഗുളികകളും പിടിച്ചെടുത്തു

Kochi drugsq
SHARE

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. അഞ്ഞൂറിലേറെ ലഹരി ആംപ്യൂളുകളും ഗുളികകളും സൂക്ഷിച്ചയാൾ തോപ്പുംപടിയിൽ നിന്ന് പിടിയിലായി. വീട്ടിൽ വിളിച്ചുവരുത്തി വിദ്യാർത്ഥികൾ അടക്കം ഉള്ളവർക്ക് ലഹരി കുത്തിവച്ചുനല്കുകയായിരുന്നു പ്രതിയെന്ന് എക്‌സൈസ് സംഘം വെളിപ്പെടുത്തി. 

കാൻസർ രോഗികൾക്ക് വേദന സംഹാരിയായി നൽകുന്ന ബ്യുപ്രിനോർഫിൻ ആംപ്യൂളുകൾ 503 എണ്ണം, ഉറക്കഗുളികയായും മറ്റും ഉപയോഗിക്കുന്ന നൈട്രോസെപാം ഗുളികകൾ 140 എണ്ണം, ഇവയാണ് കൊച്ചി തോപ്പുംപടിയിൽ വാടകക്ക് താമസിക്കുന്ന ഗുലാബ് ഹംസ എന്ന 46കാരന്റെ പക്കൽനിന്ന് കണ്ടെടുത്തത്. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം കഴിഞ്ഞ രാത്രി എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്യുമ്പോൾ ഇങ്ങനെ കുഴിച്ചിട്ട നിലയിലാണ് മരുന്നുകൾ കണ്ടെത്തിയത്. ആവശ്യക്കാരായി എത്തുന്ന വിദ്യാർത്ഥികൾ അടക്കം ഉള്ളവർക്ക് വീട്ടിൽ തന്നെ ലഹരി കുത്തിവച്ചു നല്കുകയായിരുന്നു പ്രതി. പലർക്കായി ഒരേ സിറിഞ്ച് തന്നെ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. 

ആംപ്യൂളുകൾ കൈവശം വച്ചതിന് മുൻപും ഗുലാബ് അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയാണ് വീണ്ടും ഇടപാട് നടത്തിയത്. ലഹരിക്ക് അടിമയായ പ്രതി സ്വയം ആംപ്യൂളുകൾ കുത്തിവയ്ക്കാറുണ്ട്. എക്സൈസ് എൻഫോസിമെന്റും ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. 

MORE IN Kuttapathram
SHOW MORE