റോഡരികില്‍ ഷെമീറിന്‍റെ മൃതദേഹം; ഞെട്ടി പാറയ്ക്കല്‍ ഗ്രാമം, ദുരൂഹത ബാക്കി

murder-shamir
SHARE

റോഡരികിൽ വൈദ്യുതത്തൂണിലെ വിളക്കിന്റെ വെളിച്ചത്തിൽ തെളിഞ്ഞ മൃതദേഹം ഷെമീറിന്റെയായിരുന്നെന്നറിഞ്ഞ് പാറയ്ക്കൽ ഗ്രാമം ഞെട്ടി. വള്ളിക്കോട് നിന്നു കമ്പയിലേക്കു പോകുന്ന, സദാസമയം തിരക്കുള്ള റോഡരികിൽ കണ്ടയാൾ മദ്യപിച്ചു കിടക്കുകയായിരിക്കുമെന്നാണു നാട്ടുകാർ ആദ്യം കരുതിയത്.

സന്ധ്യ മയങ്ങുംവരെ ശാന്തമായിരുന്ന പ്രദേശം വളരെ പെട്ടെന്നാണു കൊലപാതകത്തിന്റെ അശാന്തതയിലേക്കു മാറിയത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ദിവസവും സഞ്ചരിക്കുന്ന റോഡിൽ മിക്കപ്പോഴും വാഹനങ്ങളും കടന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെ ഇരുട്ടു വീണതിനു ശേഷമാകാം സംഭവമെന്നു പരിസരവാസികൾ പറയുന്നു. 

പ്രദേശത്തു തന്നെയുള്ള 4 യുവാക്കൾക്കാണു റോഡരികിൽ വീണുകിടക്കുന്നയാളെ കണ്ടു സംശയം തോന്നിയത്. അടുത്തു ചെന്നപ്പോഴാണു ചോരയൊലിച്ചു കിടക്കുന്നതു ഷെമീറാണെന്നു തിരിച്ചറിഞ്ഞത്. അടുത്തു തന്നെ ഷെമീറിന്റെ ഓട്ടോറിക്ഷയും നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഉടൻ  പൊലീസിൽ വിവരമറിയിച്ചു. അൽപസമയത്തിനകം പൊലീസ് വന്നു പരിശോധിച്ചാണു മരിച്ചെന്നുറപ്പാക്കിയത്. അപ്പോഴേക്കും കേട്ടറിഞ്ഞു നാട്ടുകാർ ഓടിയെത്തി. വന്നെത്തിയവരെല്ലാം അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിത്തരിച്ചു നിന്നു. മിക്കവർക്കും അടുത്തറിയാവുന്ന ആളുമായിരുന്നു ഷെമീർ.

ആംബുലൻസുകളും പൊലീസ് ജീപ്പുകളും പാറയ്ക്കലിലെ ഇടുങ്ങിയ റോഡിൽ കൂടി വേഗത്തിൽ പോകുന്നതു കണ്ടതോടെ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ സംഭവസ്ഥലത്തേക്കെത്തി. നാട്ടുകാരുടെ തിരക്കു നിയന്ത്രിക്കാൻ‌ മൃതദേഹത്തിൽ നിന്ന് അൽപദൂരം മാറ്റി പൊലീസ് കയറു കെട്ടിത്തിരിച്ചു. ഷെമീറിന്റെ സുഹൃത്തുക്കളായ ഓട്ടോറിക്ഷാ ഡ്രൈവർമാരും സംഭവമറിഞ്ഞെത്തി.

മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നെങ്കിലും ഫോണിൽകൂടി ആളുകൾ വിളിക്കുമ്പോഴായിരുന്നു ഷെമീർ കൂടുതൽ ഓട്ടങ്ങളും പോയിരുന്നതെന്നു മറ്റു ഡ്രൈവർമാർ പറയുന്നു. ഫൊറൻസിക് വിദഗ്ധരില്ലാത്തതിനാൽ ഒരു രാത്രി മുഴുവൻ സംഭവസ്ഥലത്തു തന്നെ മൃതദേഹം കിടത്തേണ്ടി വന്നു. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.