കൗമാരക്കാരുടെ മരണത്തിൽ സാമ്യം; ദുരൂഹത; കുരുക്കഴിക്കാനാവാതെ പൊലീസ്

wayanad-suicide-2
SHARE

വയനാട്ടിൽ കൗമാരക്കാരായ രണ്ട് കുട്ടികൾ ജീവനൊടുക്കിയ സംഭവം ഗൗരവത്തിലെടുത്തു പൊലീസ്.  ആത്മഹത്യാപ്രേരണയുണ്ടാക്കുമെന്ന്  കരുതുന്ന സോഷ്യൽ മീഡിയയിലെ ചിലഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും സമാന രീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടോ   എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മയക്കുമരുന്ന് കഞ്ചാവ് മാഫിയയുടെ പങ്കും തള്ളിക്കളയുന്നില്ല. 

വയനാട് കമ്പളക്കാടുള്ള രണ്ടു കൗമാരക്കാരായ കുട്ടികളാണ് ഒരു മാസത്തിനിടയിൽ  ജീവനൊടുക്കിയത്. ഇരുവരുടെയും ആത്മഹത്യകൾ തമ്മിൽ സാമ്യം ഉണ്ടായിരുന്നെന്ന് മാത്രമല്ല മരണത്തെക്കുറിച്ചു പോസ്റ്റും ഇട്ടിരുന്നു. ഉച്ചത്തിൽ പാട്ടു വെച്ചായിരുന്നു ഇരുവരും ജീവനൊടുക്കിയത്. 

ആത്മഹത്യയെയും ഏകാന്തജീവിതത്തെയും പ്രകീര്‍ത്തിക്കുന്ന ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, പേജുകൾ കുട്ടികൾ പിന്തുടർന്നിരുന്നു. ആദ്യം മരിച്ച കുട്ടിയുടെ ഓർമ്മക്കായി പിന്നീട് ജീവനൊടുക്കിയ കുട്ടിയുടെ നേതൃത്വത്തിൽ രാത്രി ഒരു സംഘം കുട്ടികൾ ഒരുമിച്ചു കൂടിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. മരണത്തെ പ്രകീർത്തിക്കുന്ന തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. ഇവരുടെ വലയിലകപ്പെട്ടെന്നു കരുതുന്ന വിദ്യാര്‍ഥികളുടെ മൊഴിയെടുത്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഡ്മിന്‍മാരില്‍ പലരും വ്യാജ ഐഡിയിലാണ് സമൂഹമാധ്യമങ്ങളില്‍ വിലസുന്നതെന്ന് പൊലീസ് കണ്ടെത്തി. 

മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സമൂഹമാധ്യമമായ ടെലഗ്രാമിലും മരണഗ്രൂപ്പുകള്‍ സജീവമാണെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് സാമൂഹികമാധ്യമങ്ങളെക്കാള്‍ താരതമ്യേന സ്വകാര്യത കൂടുതലുള്ളതിനാല്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ പൊലീസ് ഇടപെടല്‍ എളുപ്പമല്ലെന്നതും ഇക്കൂട്ടര്‍ മുതലെടുക്കുന്നുണ്ടാകുമെന്നാണ്  നിഗമനം. 

കുട്ടികളില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുകളുടെ സൈബർ  ഫോറൻസിക് പരിശോധനാഫലം വന്നിട്ടില്ല.  അടുത്തിടെ നടന്ന കൗമാരക്കാരുള്‍പ്പെട്ട ആത്മഹത്യകള്‍, ബൈക്ക് അപകടങ്ങള്‍, ലഹരികടത്തു കേസുകള്‍ എന്നിവയും വിശദമായി അന്വേഷിക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിങ്ങും നടന്നുവരുന്നു. 

MORE IN Kuttapathram
SHOW MORE