മരണ ഗ്രൂപ്പുകളുടെ കുരുക്കിലേക്ക് കൂടുതൽ പേരെന്ന് പൊലീസ്; വീണ്ടും ആത്മഹത്യ പോസ്റ്റ്

wayanad-social-media-sucide
SHARE

സമൂഹ മാധ്യമങ്ങളിൽ, ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന മരണ ഗ്രൂപ്പുകളുടെ കുരുക്കിലേക്ക് കൂടുതൽ കൗമാരക്കാർ പോകുന്നതായി പൊലീസ്. സമപ്രായക്കാരായ 3 പേർ വയനാട്ടിൽ അടുത്തടുത്ത ദിവസങ്ങളിൽ ജീവനൊടുക്കിയതിനു പിന്നാലെ ഇവരുടെ സുഹൃദ് സംഘത്തിലെ മറ്റൊരു കുട്ടി കൂടി ഇന്നലെ രാവിലെ  ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ പോസ്റ്റ് ഇട്ടു. 

ആദ്യം മരിച്ച 2 പേരുടെയും ചിത്രങ്ങൾക്കൊപ്പം 'ഞാൻ ഒറ്റയ്ക്കായി' എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതുകണ്ട സഹപാഠികൾ വിവരമറിയിച്ചതിനെത്തുടർന്ന് മാതാപിതാക്കൾ ഇടപെട്ട് പൊലീസിന്റെ സഹായത്തോടെ കുട്ടിയെ കൗൺസലിങ്ങിനയച്ചു. കഴിഞ്ഞ ദിവസം സംഘത്തിലെ മറ്റൊരു വിദ്യാർഥിയും ആത്മഹത്യ പോസ്റ്റ് ഇട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 

ആത്മഹത്യാ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നു കരുതുന്ന 12 കുട്ടികൾക്ക്  അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസലിങ്ങും ബോധവൽക്കരണ ക്ലാസും നടത്തി.ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിലെ മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവൽക്കരിക്കുന്ന പേജുകളും ഗ്രൂപ്പുകളും പിന്തുടരുന്ന കുട്ടികൾ മറ്റു ജില്ലകളിലുമുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് സൈബർ ഡോമിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് കൽപറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം പറഞ്ഞു. 

ജീവനൊടുക്കിയ കുട്ടികളുടെയും അവരുടെ സുഹൃത്തുക്കളുടെയും മൊബൈൽഫോണുകൾ പൊലീസ് പരിശോധനയ്ക്കയച്ചു.  ആത്മഹത്യയ്ക്കു മുൻപ് കുട്ടികൾ ഫോണുകളിൽ നിന്ന് ചില ഫയലുകൾ ഡിലീറ്റ് ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ആത്മഹത്യയെ പ്രകീർത്തിക്കുന്ന സംഗീത ആൽബങ്ങളാണിവയെന്നു സൂചനയുണ്ട്. ജീവനൊടുക്കിയ കുട്ടികൾ മോമോ പോലുള്ള ആത്മഹത്യാ ഗെയിമുകൾക്ക് അടിമകളായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE