കാർയാത്രികരെ ആക്രമിച്ച് കവർച്ച; ഒരാൾ പിടിയിൽ; അഞ്ചുപേർ ഒളിവിൽ

clt-attack
SHARE

കോഴിക്കോട് പൊറ്റമ്മലിൽ കാർ യാത്രികരെ ആക്രമിച്ച് കാറും ബാഗും തട്ടിയെടുത്ത സംഘത്തിലെ ഒരാൾ അറസ്റ്റിൽ. നിരണം സ്വദേശി അജീഷിനെയാണ് മെഡിക്കൽ കോളജ് സി.ഐയുടെ നേത്യത്വത്തിൽ പിടികൂടിയത്. ഒന്നാം പ്രതിയുൾപ്പെടെ അഞ്ചുപേര്‍ ഒളിവിലാണ്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന മുക്കം സ്വദേശികൾ സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. സെപ്തംബർ ഏഴിന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ദുബായിൽ നിന്ന് കരിപ്പൂരിലിറങ്ങിയ മുഹമ്മദ് ജിംനാസ്, സുഹൃത്തുക്കളായ അബ്ദുൽ മനാഫ്, സിയാദ് റഹ്മാൻ എന്നിവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ തടഞ്ഞ് ആറംഗ സംഘം കൊള്ളയടിക്കുകയായിരുന്നു. കാറും ഫോണും ബാഗുമായി സംഘം കടന്നു. മറ്റൊരു കാറിലെത്തിയതിൽ രണ്ടു പേർ തട്ടിയെടുത്ത വാഹനവുമായി കടന്നു.

കാറിന്റെ നമ്പർ പിന്തുടർന്നും മൊബൈൽ വിളി പരിശോധിച്ചുമാണ് പ്രതികളിലൊരാളെ പിടികൂടിയത്. അജീഷായിരുന്നു അക്രമി സംഘമെത്തിയ കാർ ഓടിച്ചിരുന്നത്. സ്വർണ്ണക്കടത്തുകാരെ ലക്ഷ്യം വച്ചത് മറ്റൊരു കാർ യാത്രികരായിപ്പോയെന്നാണ് പ്രാഥമിക നിഗമനം. മറ്റുള്ള അഞ്ചു പേരും ഒളിവിലാണ്. പരാതിക്കാർ അജീഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നേരത്തെയും സമാനമായ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE