യുവാവിനെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

kasargod-attack-arrest-1
SHARE

കാസര്‍കോട് ബേക്കലില്‍ കഞ്ചാവ് മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ബേക്കല്‍ സ്വദേശി കോലാച്ചി നാസർ എന്ന അബ്ദുൽ നാസറിനെയാണ് എസ്ഐ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂൺ 24നു രാത്രിണ് കഞ്ചാവു മാഫിയകള്‍ ഏറ്റുമുട്ടിയത്. 

നാലുമാസം മുമ്പ് ബേക്കലിലെ സിറ്റി ടവര്‍ എന്ന വ്യാപാര സമുച്ചയത്തിലായിരുന്നു ആക്ഷന്‍ സിനിമകളെ വെല്ലുന്ന സംഘട്ടനം അരങ്ങേറിയത്. കഞ്ചാവു മാഫിയകളുടെ കുടിപ്പകയെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ പാലക്കുന്നു സ്വദേശി ഷിബിൻ ഫയാസിന് വെടിയേറ്റു. കാലിനായിരുന്നു പരുക്ക്.  യുവാവിനെ അക്രമിസംഘം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേയ്ക്കു മാറ്റി. ബേക്കല്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വ്യാപരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കോലാച്ചി നാസർ എന്ന അബ്ദുൽനാസറാണ് ഫയാസിനെ വെടിവച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 

പൊലീസ്  നാസറിനായി വലവിരിച്ചെങ്കിലും അന്വേഷണസംഘത്തിന്റെ നീക്കം മനസിലാക്കിയതോടെ മംഗളൂരു വഴി ഗള്‍ഫിലേയ്ക്കു രക്ഷപ്പെട്ടു. തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏതു നിമിഷവും നാസര്‍ തിരിച്ചെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ജാഗ്രതയിലായിരുന്നു. എന്നാല്‍ ഇതു മനസിലാക്കിയ നാസര്‍ ഗള്‍ഫില്‍ നിന്ന് നേപ്പാളില്‍ വിമാനമിറങ്ങി. തുടര്‍ന്ന് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ കാസര്‍കോട് എത്തി.നാസര്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വീട്ടില്‍ പരിശോധന നടത്തി. 

നാസറിനെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുടെ ചെറുത്തുനില്‍പ് അവഗണിച്ചായിരുന്നു പൊലീസ് നടപടി. വിദേശത്തിരുന്നുകൊണ്ട് വെടികൊണ്ട ഫയാസിനെ സ്വാധിനിച്ച് കേസ് ഒതുക്കിതീര്‍ക്കാനും നാസര്‍ ശ്രമിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ബേക്കലിലും പരിസരപ്രദേശങ്ങളിലും തമ്പടിക്കുന്ന ചെറുതും വലുതുമായ ലഹരിമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാസറിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം കേന്ദ്രമായ ബേക്കൽ കേന്ദ്രീകരിച്ചുള്ള  ലഹരിമാഫിയയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

MORE IN Kuttapathram
SHOW MORE