കെവിൻ വധക്കേസിൽ വാദം തുടങ്ങുന്നു; കേസിൽ 14 പ്രതികൾ

kevin-p-joseph-murder
SHARE

കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ കെവിന്‍ കൊലക്കേസ് ദുരഭിമാന കൊലയായി പരിഗണിക്കണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം ആരംഭിക്കും. പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച ആവശ്യം കോടതി അംഗീകരിച്ചാല്‍ ആറു മാസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ പൂര്‍ത്തിയാകും. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസം മുന്‍പ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിനെ നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്‍റെ കുടുംബാംഗങ്ങള്‍ തട്ടിയെടുത്തു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കുറ്റപത്രം. നീനുവിന്‍റെ പിതാവ് ചാക്കോ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണുള്ളത്. ദുരഭിമാനക്കൊലയും മനഃപൂർവമായ കൊലപാതകവും നടത്തിയതായി സ്ഥിരീകരിക്കുന്ന കുറ്റപത്രത്തില്‍ പ്രതികൾക്കെതിരെ വധശിക്ഷ കിട്ടാവുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രോസിക്യൂഷന്‍റെ ഹര്‍ജി. മെയ് 27നായിരുന്നു നാടിനെ നടുക്കിയ കൊപാതകം. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നാണ് കെവിനെയും ബന്ധു അനീഷിനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തില്‍ വീട് ആക്രമിച്ച ശേഷമായിരുന്നു ഇത്. അനീഷിനെ അന്ന് ഉച്ചയ്ക്ക് കോട്ടയത്ത് ഇറക്കിവിട്ടു.

അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം തെന്‍മലയിലെ ചാലിയക്കരയിലെ തോട്ടില്‍ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്.വധശിക്ഷ ലഭിക്കാവുന്ന നരഹത്യ , തട്ടിയെടുത്തു വിലപേശൽ,എന്നിവയ്ക്കു പുറമേ ഗൂഢാലോചന, ഭവന ഭേദനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ  കുറ്റങ്ങളും 14 പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച മൂന്നു കാറുകൾ, 190 രേഖകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മൊബൈൽ, സിസിടിവി ക്യാമറ തുടങ്ങിയ തെളിവുകളും പൊലീസ് ശേഖരിച്ചു. 87 ദിവസംക്കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചു.

ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയാണ് അന്വേഷണം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച ഉള്‍പ്പെടെ പ്രകടമായ കേസില്‍ ഗാന്ധി നഗര്‍ മുന്‍ എസ്ഐ എം.എസ്.ഷിബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം തുടരുകയാണ്. സംഭവം നടന്ന് ആറ് മാസം പിന്നിടുമ്പോളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാകാത്തതില്‍ ദുരൂഹത തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്.

MORE IN Kuttapathram
SHOW MORE