ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിൽ

teroorattack
SHARE

നഗ്രോട്ട സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിലെ മുഖ്യപ്രതി മുഹമ്മദ് അഷറഫ് ഖാണ്ഡെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. ആക്രമണം നടത്തിയ ഭീകരരെ സൈനിക ക്യാംപിലെത്തിച്ചത് അഷറഫ് ഖാണ്ഡെയാണ്. ഭീകരര്‍ക്ക് സഹായം നല്‍കിയ നാലു പ്രതികളും പിടിയിലായ സാഹചര്യത്തില്‍ എന്‍.ഐ.എ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 

സൗദി അറേബ്യ വഴി പാകിസ്ഥാനിലേക്ക് കടക്കാനുള്ള മുഹമ്മദ് അഷറഫ് ഖാണ്ഡെയുടെ പദ്ധതിയാണ് ദേശീയ അന്വേഷണ ഏജന്‍സി പൊളിച്ചത്. നഗ്രോട്ട സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിലെ മുഖ്യപ്രതിയായ ഖാണ്ഡെ ഒളിവിലായിരുന്നു. ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയില്‍പ്പെട്ട പാക് ഭീകരര്‍ക്ക് താമസമൊരുക്കിയതും സൈനിക ക്യാംപിലെത്തിച്ചതും കശ്മീരിലെ പുല്‍വാമ സ്വദേശിയായ അഷറഫ് ഖാണ്ഡെയാണ്. 2016 നവംബര്‍ ഇരുപത്തി ഒന്‍പതിനാണ് മൂന്ന് പാക് ഭീകരര്‍ നഗ്രോട്ട സൈനിക ക്യാംപ് ആക്രമിച്ചത്. ഉറി സൈനിക താവളം ആക്രമിച്ച മാതൃകയില്‍ സൈനിക വേഷത്തിലെത്തിയായിരുന്നു ആക്രമണം. ഭീകരാക്രമണത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ അടക്കം ഏഴ് സൈനികരാണ് വീരമൃത്യു വരിച്ചത്. മൂന്ന് ഭീകരരെയും ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ക്ക് സഹായം നല്‍കിയ സയിദ് ഹസന്‍ ഖാദ്രി, താരിഖ് അഹമ്മദ് ധര്‍, ആഷിഖ് ബാബ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും അഷറഫ് ഖാണ്ഡെ അറസ്റ്റിലായ സാഹചര്യത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

MORE IN Kuttapathram
SHOW MORE