മീ ടു: സിനിമാപ്രവർത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, തക്കസമയത്ത് പൊലീസ് രക്ഷിച്ചു

anirben-suicide-attempt
SHARE

മീ ടു വെളിപ്പെടുത്തലിൽ ആരോപണവിധേയനായ ബോളിവുഡ് സിനിമാപ്രവർത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മഹാരാഷ്ട്ര നവിമുംബൈയിലാണ് സംഭവം.  പാലത്തിൽനിന്ന് ചാടാനുളള ശ്രമം പൊലീസിന്‍റെ സമയോചിത ഇടപെടലിനെ തുടർന്ന് ഒഴിവാകുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കുറിപ്പ് എഴുതിവച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം.  

മീ ടൂ ക്യാംപയിൻ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണങ്ങൾ വിവിധകോണുകളിൽനിന്ന് ഉയരുന്നതിനിടെയാണ് പുതിയസംഭവം. ബോളിവുഡ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സിനിമാപ്രവർത്തകനാണ് മീടു ആരോപണത്തിൻറെ പേരിൽ ജീവനൊടുക്കാൻ ഇറങ്ങിതിരിച്ചത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ബോളിവുഡ് സിനിമാമേഖലയില്‍ പ്രവർത്തിക്കുന്ന സെലിബ്രിറ്റി മാനേജ്മെൻറ് ഏജന്‍സിയാണ് ക്വാൻ എൻറർടൈൻമെൻറ്. ഒൻപതുപേർ ചേർന്ന് രൂപീകരിച്ച ഈ ഏജൻസിയുടെ സ്ഥാപകരിലൊരാളാണ് അനിർബെൻ ബ്‍ലാ. അടുത്തിടയ്ക്ക് മീ ടൂ ക്യാംപയ്ൻ ശക്തമായതോടെ, ഇതില്‍ അനിർബെന്നിനെതിരെയും ആരോപണം ഉയർന്നു. സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുന്ന നാല് യുവതികളാണ് ഇയാൾക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ചത്. എന്നാൽ, ആരോപണം ശരിയല്ലെന്നും അതിനുപിന്നിൽ ഗൂഡാലോചനയാണെന്നും അനിർബെൻ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ, തനിക്കെതിരായ ആരോപണം ശക്തമായതോടെ ഏജൻസിയിൽനിന്ന് രാജിവയ്ക്കാൻ ഇയാൾ തീരുമാനിച്ചു. തുടർന്നാണ്, ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം  ജീവനൊടുക്കാന്‍ ഇറങ്ങിപുറപ്പെട്ടത്. 

മുംബൈ- നവിമുംബൈ എന്നീസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വാശി പാലത്തിൽ‌നിന്ന് ചാടിമരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി, വീട്ടിൽനിന്ന് ഇറങ്ങുകയുംചെയ്തു. എന്നാൽ, കുറിപ്പ് കണ്ടെത്തിയ വീട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. മറ്റ് വിവരങ്ങളും കൈമാറി. തുടർന്ന് വാശി പാലത്തിൽനിന്ന് ഇയാളെ ട്രാഫിക് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിന‍്‍റെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. 

MORE IN Kuttapathram
SHOW MORE