മോഡലിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ഉപേക്ഷിച്ചു; സുഹൃത്ത് പിടിയിൽ

mansi-murder-2
SHARE

മുംബൈയിൽ പരസ്യമോഡലിനെ കൊന്ന് ബാഗിനുള്ളിലാക്കി ഉപേക്ഷിച്ചകേസിൽ പത്തൊൻപതുകാരനായ വിദ്യാർഥി പിടിയിൽ. പെൺകുട്ടിയുടെ സുഹൃത്തും ഹൈദരബാദ് സ്വദേശിയുമായ മുസമില്‍ സയ്യദ് ആണ് അറസ്റ്റിലായത്. മൃതദേഹം കൊണ്ടുപോയ ടാക്സി ഡ്രൈവറിൽനിന്നുള്ള നിർണായകവിവരമാണ് പ്രതിയെകുടുക്കാൻ പൊലീസിനെ സഹായിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.  

കഴിഞ്ഞദിവസമാണ് മുംബൈ മലാഡിന് സമീപം റോഡരികിൽനിന്ന്, പെൺകുട്ടിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ടാക്സി ഡ്രൈവർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു കണ്ടെത്തൽ. ഈകേസിലാണ് പത്തൊൻപതുകാരനായ വിദ്യാർഥി പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ ഇരുപതുകാരി മാനസി ദീക്ഷിത് ഏറെനാളായി മുംബൈയിലാണ് താമസം. മോഡലിംഗ് രംഗത്തെകൂടാതെ, ഡിസൈനിങ്, ഇവന്റ് മാനേജ്മെന്റ് ബിസിനസുകളിലും മാനസി സജീവമായിരുന്നു. ഇവരുടെ സുഹൃത്ത് ഹൈദരബാദുകാരനായ വിദ്യാർഥി മുസമിൽ സയ്യദിന്റെ അന്ധേരിക്കടുത്തുള്ള ബന്ധുവീട്ടിലേക്ക് കഴിഞ്ഞദിവസം മാനസിയെത്തി. മുസമിൽ സയ്യദിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. 

എന്നാല്‍, ഇവർതമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഭാരമേറിയ വസ്തു ഉപയോഗിച്ച് മാനസിയുടെ തലയിലടിക്കുകയായിരുന്നു. ഇതോടെ മാനസി മരിച്ചു. ബാഗിനുള്ളിലാക്കിയ മൃതദേഹവുമായി ഓൺലൈൻടാക്സി വിളിച്ച് എയർപോർട്ടിലേക്ക് വിദ്യാർഥി യാത്രതിരിച്ചു. എന്നാൽ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് ടാക്സി മടക്കിഅയച്ചു. കയ്യിലുണ്ടായിരുന്ന മൃതദേഹംഅടങ്ങിയ ബാഗ് വഴിയരികിൽ ഉപേക്ഷിച്ചു. ശേഷം, ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി. 

എന്നാൽ, സംശയംതോന്നിയ ടാക്സി ഡ്രൈവർ, യുവാവ് യാത്ര അവസാനിപ്പിച്ച സ്ഥലത്ത് തിരികെയെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് ബാഗ് ഉപേക്ഷിച്ചത് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ ഇയാൾ വിവരംഅറിയിച്ചു. അന്വേഷണത്തിൽ കൊലപാതകം വെളിച്ചത്തായി. ടാക്സി ഡ്രൈവറുടെ മൊഴിയും, മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രതിയെ കുടുക്കുന്നത് എളുപ്പമാക്കി.

MORE IN Kuttapathram
SHOW MORE