എക്സൈസ് ഉദ്യോഗസ്ഥരുടെ തലതല്ലിപ്പൊട്ടിച്ച് രക്ഷപ്പെട്ടയാൾ അറസ്റ്റിൽ

excise-attack
SHARE

ചാരായക്കടത്ത് പിടിക്കുമ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ തലതല്ലിപ്പൊട്ടിച്ച് രക്ഷപെടുന്ന സംഘത്തിലെ മുഖ്യകണ്ണിയായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി സുധന്‍ നെയ്യാറ്റിന്‍കരയില്‍ അറസ്റ്റിലായി. ആറ് മാസത്തിനിടെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയാണ് സുധന്റെ നേതൃത്വത്തിലെ സംഘം ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചിരിക്കുന്നത്. സുധന്റെ സഹോദരനാണ് ഇനി പിടിയിലാകാനുള്ളത്.

ഒരാഴ്ച മുന്‍പ് കൊല്ലം അഞ്ചലിലെ എക്സൈസ് ഉദ്യോഗസ്ഥന് സംഭവിച്ച അവസ്ഥയാണിത്. ചാരായക്കടത്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൈല്‍മറ്റുകൊണ്ടുള്ള അടിയേറ്റ് തലപൊട്ടി. ഇങ്ങിനെ എക്സൈസുകാരുടെ തലതല്ലിപ്പൊട്ടിക്കുന്നത് ശീലമാക്കിയ വിരുതനെ ഒടുവില്‍ എക്സൈസുകാര്‍‍ കയ്യോടെ പിടികൂടി. കാട്ടാക്കട കുറ്റിച്ചല്‍ സ്വദേശി സുധനാണ് നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പത്ത് ലീറ്റര്‍ ചാരായവുമായി ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെയാണ് പിടികൂടിയത്.

സുധനും സഹോദരന്‍ ഉണ്ണിയും ചേര്‍ന്നാണ് മദ്യക്കടത്ത്. അഞ്ചലിന് പുറമെ ആര്യനാട്. കാട്ടാക്കട എന്നിവിടങ്ങളിലും ഈ സംഘം എക്സൈസുകാരെ ആക്രമിച്ചിട്ടുണ്ട്. ചാരായവുമായി ബൈക്കില്‍ സഞ്ചരിക്കുകയും പിടിക്കപ്പെടുമ്പോള്‍ ഹെല്‍മറ്റ് ഊരി തലക്കടിച്ച് വീഴ്ത്തി രക്ഷപെടുന്നതുമാണ് പതിവ് തന്ത്രം. ഇവരുടെ ആക്രമത്തില്‍ കാട്ടാക്കടയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന് കാഴ്ചാശക്തിയെ സാരമായി ബാധിച്ചിരുന്നു. ഇന്നലെ ഓടിരക്ഷപെട്ട ഉണ്ണിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE