ആന ചെരിഞ്ഞു; അന്വേഷണമെത്തിയത് മുത്തുസ്വാമിയുടെ ആനക്കൊമ്പു കമ്പത്തിലേക്ക്

muthuswami-ivory
SHARE

വനാതിര്‍ത്തിയില്‍ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ ആനയുടെ ജഡം വനംവകുപ്പ് കണ്ടെത്തുന്നത് രണ്ട് മാസത്തിന് ശേഷം. കൊമ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ വാഴയിലയും കോക്കോത്തോടുമിട്ട് മൂടി ആനയുെട ജഡം ഒളിപ്പിച്ചത് മുത്തുസ്വാമിയായിരുന്നു. കൊമ്പെടുത്ത ശേഷം പൂര്‍ണമായും എല്ലുകള്‍ കുഴിയില്‍ മൂടാമെന്ന ലക്ഷ്യം നടപ്പാക്കാൻ മറന്നതാണ് കാര്യങ്ങള്‍ പുറംലോകമറിയുന്നതിന് ഇടയാക്കിയത്

വൈദ്യുതി വേലിയോട് ചേര്‍ന്ന് ആനയുടെ ജഡം ആദ്യം കണ്ടത് മുത്തുസ്വാമിയായിരുന്നു. കാര്യമറിഞ്ഞ ഉസൈന്‍കുട്ടി വനപാലകരെ വിവരമറിയിക്കാന്‍ തീരുമാനിച്ചു. പിടിക്കപ്പെടുമെന്ന് ചില സുഹൃത്തുക്കളും തൊഴിലാളികളും വിലക്കിയതിനെത്തുടര്‍ന്ന് തീരുമാനം മാറ്റി. ഉസൈന്‍കുട്ടിയോട് ആശങ്കപ്പെടേണ്ടതില്ലെന്നും വനംവകുപ്പറിയാതെ ആനയെ മറവ് ചെയ്യാമെന്നും മുത്തുസ്വാമിയും കൂടെയുണ്ടായിരുന്ന ബന്ധുവും ഉറപ്പുനല്‍കി. പേടികാരണം ഉസൈന്‍കുട്ടി തോട്ടത്തിലേക്കുള്ള യാത്ര ഒഴിവാക്കി. കൊമ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ മുത്തുസ്വാമി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. 

കൂടെ നിന്നില്ലെങ്കില്‍ വനംവകുപ്പിന്റെ പിടിയില്‍പ്പെടുമെന്ന് ബന്ധുവിനെ ഭീഷണിപ്പെടുത്തി. വനപാലകരെത്തിയാലും കാണാതിരിക്കുന്നതിനായി ആനയുടെ ജഡത്തിന് മുകളില്‍ കുരുമുളക് വള്ളിയും കൊക്കോത്തോടും വാഴപ്പിണ്ടിയും കൂട്ടിയിട്ടു. ചെറിയ തോതില്‍ മുകളില്‍ മണ്ണിട്ടു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതിനാല്‍ വനപാലകരുടെയോ മറ്റ് കര്‍ഷകരുടെയോ സാന്നിധ്യമുണ്ടായില്ല. വനാതിര്‍ത്തിയില്‍ തന്നെയാണ് മുത്തുസ്വാമിയും ബന്ധുവും താമസിച്ചിരുന്നത്. ഇത് നിരീക്ഷണത്തിന് സഹായിച്ചു. 

മഴയില്ലാത്തസമയം ദുര്‍ഗന്ധം വരാതിരിക്കാന്‍ കര്‍പ്പൂരവും രാമച്ചവും കത്തിച്ച് പുകയിട്ടു. ജഡം അഴുകിയതോടെ കൊമ്പ് വേര്‍പെടുത്തി മൂന്ന് ദിവസം മണ്ണിനടിയില്‍ സൂക്ഷിച്ചു. മാസത്തിലൊരിക്കല്‍ നാട്ടില്‍പോകുന്ന രീതിയുണ്ടായിരുന്നതിനാല്‍ കൊമ്പുമായുള്ള മുത്തുസ്വാമിയുടെ മടക്കവും ആരും കാര്യമായെടുത്തിരുന്നില്ല. പതിവ് പരിശോധനക്കിടെ വനപാലകര്‍ തന്നെയാണ് കഴിഞ്ഞദിവസം ആനയുടെ ജഡം കണ്ടെത്തുന്നത്. ഉസൈന്‍കുട്ടിയെ പിടികൂടിയുള്ള ചോദ്യം ചെയ്യലിലാണ് മുത്തുസ്വാമിയിലേക്കെത്തിയത്. കൊമ്പ് കടത്തലില്‍ കാര്യമായ പങ്കില്ലെന്ന് കണ്ടാണ് മുത്തുസ്വാമിയുടെ ബന്ധുവിനെ സാക്ഷിയാക്കിയത്.

ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സ്ഥലം വനാതിര്‍ത്തിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ്. ഈ മേഖലയില്‍ പതിവുള്ള പരിശോധനക്കായി രണ്ട് മാസത്തിനിടെ പലതവണയെത്തിയെങ്കിലും സംശയിക്കാനുള്ള ഒന്നും കണ്ടെത്താനായില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.  

MORE IN Kuttapathram
SHOW MORE