സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ച് തട്ടിക്കൊണ്ടുപോയി പണംതട്ടൽ; മുഖ്യപ്രതി പിടിയിൽ

naushad
SHARE

കഴിഞ്ഞദിവസം മാനന്തവാടിയില്‍ അറസ്റ്റിലായത് പണക്കാരെ,  സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ച് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഘത്തിലെ പ്രധാനകണ്ണി. തിരുവനന്തപുരത്തുള്ള ഒരു വ്യവസായിയെ കെണിയിലാക്കാനുള്ള ശ്രമത്തിന‌ിടെയാണ് കര്‍ണാടക മടിക്കേരി സ്വദേശി നൗഷാദ് പിടിയിലായത്. കേസില്‍ യുവതി ഉള്‍പ്പെടെ കൂടുതല്‍പേര്‍ പിടിയിലാകാനുണ്ട്. 

രണ്ട് മാസം മുമ്പാണ് മാനന്തവാടി സ്വദേശിയായ വ്യാപാരി ഫോണ്‍ വഴി ബന്ധം സ്ഥാപിച്ച യുവതി പറഞ്ഞതനുസരിച്ച് മൈസൂരിലെത്തി വലിയ സാമ്പത്തികത്തട്ടിപ്പിനിരയായത്. മൈസൂരില്‍വെച്ച് സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം മര്‍ദിച്ച് പണം തട്ടിയെടുത്തു എന്ന കേസില്‍ നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായ കര്‍ണാടക മടിക്കേരി സ്വദേശി നൗഷാദിനെയാണ്  മാനന്തവാടി സി.ഐ യും സംഘവും തന്ത്രപൂര്‍വം കുടുക്കിയത്. ഇയാളെ അന്വേഷിച്ച് നേരത്തെ പൊലീസ് ബെംഗളൂരുവിലെത്തിയെങ്കിലും മുങ്ങുകയായിരുന്നു. ബന്ധുവായ യുവതിയെ ഉപയോഗിച്ചായിരുന്നു ഇയാളുടെയും സംഘത്തിന്റെയും ഫോണ്‍കെണി തട്ടിപ്പ്. 

ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള ആളുകളെ യുവതിയെക്കൊണ്ട് ഫോണില്‍വിളിപ്പിച്ച് ബന്ധം സ്ഥാപിച്ച് എവിടെയെങ്കിലും എത്തിച്ച് ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് രീതി. തിരുവന്തപുരത്തുള്ള ഒരു പണക്കാരനെ സമാനരീതിയില്‍ കുടുക്കാനുള്ള അന്തിമഘട്ടത്തിലായിരുന്നു സംഘം. ഇതിനായാണ് മുഖ്യ കണ്ണിയായ നൗഷാദ് കോഴിക്കോട്ടെത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മാനന്തവാടി പൊലീസ് സംഘം കോഴിക്കോട് എത്തുമ്പോഴേക്കും ഇയാള്‍ വയനാട് വഴി മൈസൂരിലേക്ക് തിരിച്ചു. തുടര്‍ന്ന് പനമരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കാസര്‍കോട്ടെ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലും ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. 

MORE IN Kuttapathram
SHOW MORE