‘ഡോണെ’ന്ന് വിളിപ്പേര്; നൂറ്റിമുപ്പതംഗ ഡി.ജെ പടയും; ഈ ‘ഒറ്റയാനെ’ക്കണ്ട് പൊലീസും ഞെട്ടി

ganja-kozhikode
വളാഞ്ചേരി സ്വദേശിയായ ജിജോഷ് എന്ന ഷമീര്, യഥാര്‍ഥ ഫോട്ടോയും രൂപമാറ്റം വരുത്തിയ ഫോട്ടോയും
SHARE

ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തിയ യുവാവ്. വളാഞ്ചേരി സ്വദേശിയായ ജിജോഷ് എന്ന ഷമീര്‍. കോഴിക്കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയ ഷമീറിന്‍റെ ലോകം പൊലീസിനെയും അമ്പരപ്പിക്കുന്നതാണ്.

ഡോണെന്നുള്ള വിളി നിര്‍ബന്ധം 

ലഹരിവില്‍പനയിലെ അതികായനെന്ന അര്‍ഥത്തില്‍ സ്വയം ഡോണെന്ന് വിശേഷിപ്പിക്കും. ഫോണില്‍ വിളിക്കുന്നവര്‍ പേരിന് പകരം സംബോധന ചെയ്യേണ്ടത് ഡോണെന്നായിരിക്കണം. അങ്ങനെ പറഞ്ഞാല്‍ മാത്രം സാധനം കിട്ടും. കിട്ടേണ്ട സ്ഥലവും കൈമാറേണ്ട ആളിന്റെ അടയാളവും ഓഡിയോ ക്ലിപ്പായി അയയ്ക്കണം. മറുപടിയും ശബ്ദസന്ദേശമായെത്തും. പറഞ്ഞുറപ്പിച്ച തുകയ്ക്ക് കൃത്യസമയം പാലിച്ച് ഡോണോ സുഹൃത്തുക്കളോ സാധനമെത്തിക്കും. പണം കൃത്യമായി നല്‍കിയാല്‍ മാത്രമേ സാധനം കൈമാറൂ. കുറവുണ്ടെങ്കില്‍ കൊടുത്ത തുക തിരികെ കിട്ടില്ലെന്ന് മാത്രമല്ല ലഹരിയുടെ കാര്യത്തിലും നിരാശയായിരിക്കും. നാല് വര്‍ഷമായി കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഡോണെന്ന വിശേഷണവുമായി കറങ്ങുന്ന വളാഞ്ചേരിക്കാരന്‍ ജിജോഷ് എന്ന ഷമീര്‍ ഈ മേഖലയില്‍ കുറച്ചൊന്നുമല്ല ഒറ്റയാനായി വിലസിയത്. 

ഇഷ്ടപ്പെട്ട പെണ്ണിനായി നാടും സമുദായവും ഉപേക്ഷിച്ചു. പച്ചക്കറിക്കച്ചവടം പച്ച പിടിച്ചില്ല

മലപ്പുറം സ്വദേശിനിയെ കണ്ട് ഇഷ്ടപ്പെട്ടതിന് പിന്നാലെ ഹിന്ദുമത വിശ്വാസിയായിരുന്ന ജിജോഷ് ഷമീറായി. മലപ്പുറത്ത് നിന്ന് വളാഞ്ചേരിയിലേക്ക് താമസം മാറ്റി. അവിടെ നിന്നാണ് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഷമീര്‍ തന്റെ കര്‍മമേഖലയിലേക്ക് തിരിഞ്ഞത്. പച്ചക്കറിക്കച്ചവടം തുടങ്ങിയെങ്കിലും വിചാരിച്ച ലാഭം നേടാനായില്ല. പിന്നെയാണ് ലഹരിയുെട സാധ്യത തിരിച്ചറിഞ്ഞത്. ചെറുകിട കച്ചവടക്കാര്‍ക്കൊപ്പം കൂടി വിശ്വാസ്യത നേടിയെടുത്തു. ലഹരി വരുന്നവഴിയും കൊടുക്കുന്നവരെക്കുറിച്ചും കൃത്യമായി മനസിലാക്കി. പിന്നീട് ഇരുപത്തിയേഴാം വയസില്‍ സ്വന്തമായി ഡോണെന്ന വിശേഷണം നല്‍കി മൊബൈല്‍ ലഹരികടത്തെന്ന രീതിയിേലക്കെത്തി. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ലഹരിയെത്തിയിരുന്നത്. ഇതിനിടയില്‍ ആദ്യഭാര്യയുടെ സമ്മതത്തോടെ തന്നെ രണ്ട് കുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയെയും ഷമീര്‍ വിവാഹം കഴിച്ചു. പണത്തിന് പഞ്ഞമില്ലാത്തതിനാല്‍ കുടുംബം പോറ്റാന്‍ കാര്യമായ പ്രയാസമുണ്ടായിരുന്നില്ല. 

ganja-sale-new

 

സുരക്ഷയ്ക്കായി ക്യാമറ; നൂറ്റിമുപ്പത് കിലോമീറ്റര്‍ വേഗത; അടിവസ്ത്രത്തിന്റെ അറയില്‍ ലഹരിയും

ലക്ഷങ്ങളുടെ ഇരുചക്രവാഹനത്തിലാണ് സഞ്ചാരം. വേഗത എണ്‍പതിനും നൂറ്റി മുപ്പതിനും ഇടയിലായിരിക്കും. ലഹരികടത്തിനായി എവിടേക്ക് ബൈക്കില്‍ സഞ്ചരിക്കാനും ഷമീര്‍ തയാറാണ്. നിമിഷനേരം കൊണ്ട് ലഹരിസാധനം ആവശ്യക്കാരന്റെ കൈകകളില്‍ സുരക്ഷിതമായെത്തിക്കും. യാത്രാരീതിയിലും പ്രത്യേകതയുണ്ട്. മുടിയുള്‍പ്പെെട രൂപമാറ്റം വരുത്തിയുള്ള സഞ്ചാരമായതിനാല്‍ കാണുന്നവര്‍ക്ക് കാര്യമായ സംശയയമുണ്ടാകില്ല. സഞ്ചാരിയെ അന്വേഷിക്കുന്ന ഗൈഡെന്നേ തോന്നൂ. കഴുത്തില്‍ സ്റ്റില്‍ ക്യാമറ ബാഗ് തൂക്കിയിട്ടുണ്ടാകും. ട്രാവല്‍ ബാഗും തോളിലുണ്ടാകും. പരിശോധനയില്‍ പലപ്പോഴും ബാഗിലെ പഴന്തുണിയും അടിവസ്ത്രവും കാണിച്ച് രക്ഷപ്പെടും. കഞ്ചാവുള്‍പ്പെടെ പ്രത്യേക പൊതിയാക്കി വൃത്തിഹീനമായ അടിവസ്ത്രമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന തുണിയില്‍ ഒളിപ്പിച്ച്  കടത്തുന്നതാണ് രീതി. നാല് വര്‍ഷമായുള്ള തന്ത്രം ആദ്യമായി പിഴക്കുകയായിരുന്നു. 

ലഹരികടത്തിന് നൂറ്റിമുപ്പതംഗ ഡി.ജെ സംഘം 

ഗോവ, കൊടൈക്കനാല്‍, പഴനി, ബംഗലൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഷമീറിന്റെ നേതൃത്വത്തില്‍ ലഹരികടത്തിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നൂറ്റി മുപ്പതുപേരടങ്ങുന്ന ഡി.ജെ ഗ്രൂപ്പെന്നാണ് ഇതിനെ വിളിക്കുന്നത്. ഓരോയിടത്തും ഡി.ജെയുടെ മറവില്‍ ലഹരികടത്താണ് പതിവ്. കോളജ് വിദ്യാര്‍ഥികളും ഫ്രീക്കന്‍മാരെന്ന് വിശേഷണമുള്ള ചെറുപ്പക്കാരും ഡോണിന്റെ കൂടെയുണ്ടാകും. എത്തിക്കുന്നതിന് കൂലി. വഴിയില്‍ പരിശോധനയുണ്ടായാല്‍ പിടികൊടുക്കാം. ഡോണ്‍ ഇടപെട്ട് രക്ഷപ്പെടുത്തും. ഇതായിരുന്നു കരാര്‍. മുന്തിയ ഹോട്ടലിലെ താമസം. നല്ലഭക്ഷണം. കൈനിറയെ പോക്കറ്റ് മണി. യുവാക്കള്‍ ആകര്‍ഷിതരാകാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. ഷമീറിന്റെ മൊബൈല്‍ വിളിയുടെ വിശദാംശം പരിശോധിച്ചതിലൂടെ വന്‍ ലഹരികടത്ത് സംഘത്തെക്കുറിച്ചുള്ള കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. 

സാഹസികമായ കീഴ്പെടുത്തല്‍; പിടിയിലാകുന്നതിന് തൊട്ടുമുന്‍പും രക്ഷപ്പെടാന്‍ ശ്രമം

ഒരാഴ്ച മുന്‍പ് കോഴിക്കോട് നഗരത്തില്‍ കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായ യുവാവില്‍ നിന്നാണ് ഷമീറിനെക്കുറിച്ചുള്ള വിവരം എക്സൈസിന് കിട്ടിയത്. ഇടപാടുറപ്പിച്ചുള്ള ഫോണ്‍ സംഭാഷണമായിരുന്നു തെളിവായത്. രണ്ടാഴ്ച എക്സൈസ് നിരീക്ഷിച്ചു. കഴിഞ്ഞദിവസം ഷമീറിന്റെ പതിവ് ഇടപാട് സ്ഥലത്തേക്കുള്ള വരവ് എക്സൈസ് തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥര്‍ വ്യത്യസ്ത ഇടങ്ങളില്‍ നിലയുറപ്പിച്ചു. ബൈക്കില്‍ അമിതവേഗതയിലെത്തി ഷമീര്‍ സംശയത്തെത്തുടര്‍ന്ന് വാഹനം തിരിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് ഷമീറിന്റെ കാഴ്ച തടഞ്ഞു. വാഹനം നിരങ്ങിനീങ്ങി ഓഫായി. ഷമീര്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് കുതറിയോടാന്‍ ശ്രമിച്ചെങ്കിലും കീഴ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ കോഴിക്കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് എസ്.ഐയുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. എങ്കിലും ആദ്യമായി ഡോണ്‍ വലയിലൊതുങ്ങുകയായിരുന്നു. 

MORE IN Kuttapathram
SHOW MORE