വിവാഹിതയുമായി അടുപ്പം; യുവാവിന്റെ കൊലപാതകം: രണ്ടുപേര്‍ക്കെതിരെ കൂടി ലുക്കൗട്ട് നോട്ടീസ്

kollam-murder-2
SHARE

വിവാഹിതയായ യുവതിയുമായി അടുപ്പമുണ്ടായിരുന്നതിന്റെ പേരില്‍ കൊല്ലത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്കെതിരെ കൂടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. നേരത്തെ മൂന്നു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി.

പതിനാറാം തീയതി അര്‍ധരാത്രിയാണ് ജോനകപ്പുറം സ്വദേശിയും  ഓട്ടോ ഡ്രൈവറുമായ സിയാദ് കൊല്ലപ്പെട്ടത്. ഓട്ടോയില്‍ വരികയായിരുന്ന സിയാദിനെ ബൈക്കിലും കാറിലുമായി എത്തിയ ഒരു സംഘം പിന്‍തുടര്‍ന്ന് ആക്രമിച്ച് വെട്ടിയും കുത്തിയും കൊലപെടുത്തുകയായിരുന്നു. വിവാഹിതയും നാലു മക്കളുടെ അമ്മയുമായ യുവതിയുമായി അടുപ്പമുണ്ടായിരുന്നതിന്റെ പേരിലാണ് സിയാദിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ മാതൃസഹോദരങ്ങൾ ഉൾപ്പെടെ അഞ്ചു പേരാണു പ്രതിപട്ടികയിലുള്ളത്. ഒളിവില്‍ പോയ പ്രതികള്‍ക്കും ബന്ധുക്കള്‍ക്കുമായി അയല്‍ സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച പള്ളിത്തോട്ടം സ്വദേശി നൗഷർ സഹോദരിയുടെ മക്കൾ ഷെമീർ ഷെഫീക് എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഇതിന് പിന്നാലെയാണ് നൗഷറിന്റെ മറ്റൊരു സഹോദരിയുടെ മക്കളായ നഹാസിനും നിജാസിനും വേണ്ടികൂടി ലുക് ഔട്ട് നോട്ടീസ് ഇറക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഒളിവിലുള്ള പ്രതികളും ബന്ധുക്കളും മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഉപയോഗിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍  നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE