ആളൂരിൽ ട്രാക്കിൽ കുഞ്ഞിന്റെ മൃതദേഹം; ട്രെയിനില്‍ നിന്ന് എറിഞ്ഞതാണെന്ന് സംശയം

child-dead-body
SHARE

തൃശൂര്‍ ആളൂരില്‍ റയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയത് ആറു മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിലയിരുത്തല്‍. ട്രെയിനില്‍ നിന്ന് വീണതാണ് മരണകാരണം. അബദ്ധത്തില്‍ വീണതാണോ, മനപൂര്‍വം തള്ളിയിട്ടതാണോയെന്ന് വ്യക്തമല്ല. 

ആളൂര്‍ റയില്‍വേ മേല്‍പാലത്തിനു താഴെയായി പൊന്തക്കാട്ടിലായിരുന്നു പെണ്‍കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഒന്നര വയസുള്ള കുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് വിലയിരുത്തിരുന്നു. പക്ഷേ, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ നിഗമനപ്രകാരം കുഞ്ഞിന്റെ പ്രായം ആറു മാസമാണ്. തലയുടെ പുറകിലാണ് പൊട്ടല്‍. ഇടതുകാലും ഒടിഞ്ഞിരുന്നു. 

ജീവനോടെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്കു വീണതാണെന്ന് ഇതോടെ ഉറപ്പായി. അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണതാണെങ്കില്‍ രക്ഷിതാക്കളോ ബന്ധുക്കളോ ആരെങ്കിലും പരാതിയുമായി പൊലീസിനെ സമീപിച്ചേനെ. ഇതുവരെ, അങ്ങനെയൊരു പരാതി ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലോ റയില്‍വേ പൊലീസിനോ ലഭിച്ചിട്ടില്ല. അതുക്കൊണ്ടുതന്നെ, കുഞ്ഞിനെ മനപൂര്‍വം ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന നിഗമനത്തിനാണ് ബലം കൂടുതല്‍. ലൈംഗിക പീഢനം നടന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചനയില്ല. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. 

ഡി.എന്‍.എ പരിശോധനയ്ക്കായും സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയും ട്രെയിനില്‍ നിന്ന് ചാടിയിരിക്കാമെന്ന സംശയത്താല്‍ കുറേദൂരം റയില്‍വേ പാളം പൊലീസ് പരിശോധിച്ചു. ആരേയും കണ്ടെത്താനായില്ല. കുട്ടിയെ തിരിച്ചറിയാത്തതിനാല്‍ ആളൂര്‍ പൊലീസിന്റെ അന്വേഷണം പ്രതിസന്ധിയിലാണ്. 

MORE IN Kuttapathram
SHOW MORE