കൂട്ടുകാരന്റെ കാമുകീസംഗമത്തിന് തുണപോയി; തൊട്ടടുത്ത് കവര്‍ച്ചയ്ക്ക് ‘കുട്ടിക്കള്ളൻ’, നാടകീയം

thief
SHARE

കൂട്ടുകാരന്റെ കാമുകീസംഗമത്തിന് കാവൽനിൽക്കുകയായിരുന്നു പതിനേഴുകാരൻ. അപ്പോഴാണ് അയൽ വീട്ടിലെ തുറന്ന ജനൽ ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കിടന്നിരുന്ന സ്ത്രീയുടെ മാലയും മൊബൈൽ പോണും കവർന്നു. മണിക്കൂറുകൾക്കകം പൊലീസെത്തി അറസ്റ്റും ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ കായംകുളത്ത് കൃഷ്ണപുരത്തിനടുത്താണ് സംഭവം നടന്നത്. പുലർച്ചെ രണ്ടു മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് സ്ത്രീ ഉണർന്നത്. അപ്പോൾ  ‌ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നിൽക്കുന്നതു കണ്ടു. 

ഈ വീട്ടമ്മയ്ക്കൊപ്പം അവരുടെ കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു. ഒച്ചവയ്ക്കാൻ ശ്രമിച്ചപ്പോൾ, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ലോക്ക് ചെയ്യാത്ത ഫോണിൽനിന്നു കുട്ടിക്കള്ളൻ വീട്ടമ്മയുടെ കുടുംബവിവരങ്ങളും അവിടെത്തന്നെയിരുന്നു മനസ്സിലാക്കിയിരുന്നു.

പുറത്തു വന്നാൽ ഫോൺ തിരികെ തരാമെന്നും പറഞ്ഞു. ഫോണിൽനിന്നു കിട്ടിയ വിവരം വച്ചു വീട്ടിലുള്ളവരുടെ പേരുകൾ പറഞ്ഞാണു പ്രതി സംസാരിച്ചത്. പരിചയമുള്ള ആരോ ആണു മോഷ്ടാവെന്നു വീട്ടമ്മ സംശയിക്കുകയും ചെയ്തു. 

ഈ സമയം തിരികെ എത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപോയില്ല. സുഹൃത്ത് തിരികെ പോയി. ഫോൺ തന്നാൽ പുറത്തേക്കു വരാമെന്നു തന്ത്രപൂർവം പറഞ്ഞു വീട്ടമ്മ ഫോൺ തിരികെ വാങ്ങി. ഫോൺ കിട്ടിയതോടെ വീട്ടമ്മ ബഹളം വയ്ക്കുകയായരുന്നു. അപ്പോഴേക്കും ഇയാൾ ഓടി രക്ഷപെട്ടിരുന്നു.

ഫോൺ കിട്ടിയ ഉടൻ പ്രതി അതിൽനിന്നു സ്വന്തം ഫോണിലേക്കു ഡയൽ ചെയ്തു നമ്പർ മനസ്സിലാക്കിയിരുന്നു. തുടർന്നു വീട്ടമ്മയുടെ ഫോണിൽനിന്നു തന്റെ നമ്പർ മായ്ച്ചു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇതു കണ്ടെത്തിയതോടെയാണു പ്രതി കുടുങ്ങിയത്.

പ്രതിയുടെ ഫോൺ നമ്പർ കിട്ടിയതോടെ പൊലീസ് ഒരു സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ചുു. ഈ സമയത്ത് ബാർബർ ഷോപ്പിലിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മോഷ്ടിച്ച രണ്ടു പവൻ മാല വിറ്റു കിട്ടിയ 21,000 രൂപയിൽ 3,000 രൂപ ചെലവാക്കി, ബാക്കി രണ്ടു കൂട്ടുകാരെ ഏൽപ്പിച്ചു.

പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച ദുബായിലേക്കു പോകേണ്ട വീട്ടമ്മ വിമാനം കിട്ടാത്തതിനാൽ തിരികെ വീട്ടിൽ എത്തിയതായിരുന്നു. ഇന്നലെ പ്രതിയെ പിടികൂടിയപ്പോഴേക്ക് അവർ വീണ്ടും വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പ്രതിയെ പിടിച്ച എസ്ഐ രാജൻബാബു വിവരം ഫോണിൽ അറിയിച്ചപ്പോൾ നന്ദി പറഞ്ഞു മറുപടി അയയ്ക്കുകയും ചെയ്തു.

MORE IN Kuttapathram
SHOW MORE