ആളൊഴിഞ്ഞ വീട്; അതിരഹസ്യ മദ്യപ്ലാന്‍റ്; ജിനോയുടെ ലോകംകണ്ട് പൊലീസും അമ്പരന്നു

crime-liquerplant
SHARE

വാടക വീട്ടില്‍ വ്യാജമദ്യ നിര്‍മാണ യൂണിറ്റും മൊത്തവിതരണ കൗണ്ടറും പ്രവര്‍ത്തിപ്പിച്ചിരുന്ന യുവാവ് കോഴിക്കോട് കുന്ദമംഗലത്ത് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍‍. ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റ്യനെയാണ് എക്സൈസ് സംഘം പിടികൂടിയത്. 

ലോറി ക്ലീനറില്‍ നിന്ന് മദ്യനിര്‍മാണ വിദഗ്ധനിലേക്കുള്ള ദൂരം 

കൈനിറയെ പണം കിട്ടിയിരുന്നപ്പോള്‍ ലോറിയിലുള്ളത് എന്താണെന്ന് ജിനോ അന്വേഷിച്ചിരുന്നില്ല. പറയുന്നിടത്ത് സാധനം കൃത്യമായി എത്തിച്ചിരുന്നു. സമയംകിട്ടുമ്പോള്‍ ഡ്രൈവര്‍ക്ക് പകരം വളയം പിടിച്ചു. പിന്നീട് ഡ്രൈവറുടെയും ക്ലീനറുടെയും ജോലി ഒറ്റയ്ക്ക് ഏറ്റെടുത്തു. വാഹനത്തില്‍ സ്പിരിറ്റാണെന്ന് അറിഞ്ഞപ്പോഴും ജിനോ പറഞ്ഞത് കിട്ടുന്നതില്‍ കൂടുതല്‍ തന്നാല്‍ എവിടെയും ഞാന്‍ സാധനമെത്തിക്കും. അങ്ങനെ ജിനോ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മലബാറിലെ വിവിധ വ്യാജമദ്യ രാജാക്കന്‍മാരുടെ ഗോഡൗണിലേക്ക് പതിവായി ലഹരിയെത്തിച്ചിരുന്നു. മുതലാളിമാരില്‍ ഒരാള്‍ ചോദിച്ച കൂലി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കായുള്ള സ്പിരിറ്റ് കടത്ത് നിര്‍ത്തി. പകരം സ്വന്തംനിലയില്‍ മദ്യനിര്‍മാണത്തെക്കുറിച്ച് ആലോചിച്ചു. അങ്ങനെ ചെറുതില്‍ തുടങ്ങി പിന്നീട് പലര്‍ക്കും പതിവായി മദ്യമെത്തിക്കുന്ന ആളായി മാറി. 

 

ഗോവയിലെ പഠനം, ഇരിട്ടിയില്‍ തുടക്കം

തട്ടിപ്പ് മദ്യവില്‍പന നടത്തുന്നയാളുകളില്‍ പലരും കോടീശ്വരന്‍മാരായി മാറുന്നുവെന്നത് ജിനോയെ അസ്വസ്ഥനാക്കി. തനിക്കും അങ്ങനെയാകണമെന്നായി ചിന്ത. അങ്ങനെ ഗോവലിയേക്ക് വണ്ടികയറി. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന ജിനോ ഗോവയിലേക്ക് വണ്ടികയറുമ്പോള്‍ ചിലതെല്ലാം തീരുമാനിച്ചിരുന്നു. മദ്യനിര്‍മാണ പ്ലാന്റില്‍ സഹായിയായിക്കൂടി. വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കി പ്ലാന്റിലെ വിശ്വസ്തനായി മാറി. സഹായിയായി നില്‍ക്കുന്നതിനെക്കാള്‍ മുതലാളിക്കാണ് വിലയെന്ന് മനസിലാക്കി തിരികെ നാട്ടിലേക്ക് വണ്ടികയറി. ചെറിയ രീതിയില്‍ മദ്യം ലേബലൊട്ടിച്ചുള്ള വില്‍പനയും മിക്സിങും പതിവാക്കി. വില്‍പനയെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്ന ജിനോ വേഗത്തില്‍ പലരുടെയും വിശ്വസ്തനായി മാറി. ഇതിനിടയില്‍ രണ്ട് തവണ പൊലീസിന്റെ പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങി നിര്‍മാണത്തൊഴിലാളിയായും ടാക്സി ഡ്രൈവറായും ജോലി ചെയ്തു.   

liqur5
ജിനോയുടെ ഗോഡൗണില്‍ നിന്ന് പൊലീസ് പിടികൂടിയ മദ്യക്കുപ്പികള്‍

ആളൊഴിഞ്ഞ വീട് തേടിയുള്ള അന്വേഷണത്തിനൊടുവില്‍ കുന്ദമംഗലത്തെത്തി  

പതിവായി മദ്യം കൈമാറിയിരുന്ന ചെറുകിട വില്‍പനക്കാരോടാണ് നല്ല വാടക വീട് കണ്ടെത്തിത്തരാന്‍ ആവശ്യപ്പെട്ടത്. ഇരിട്ടി വിട്ട് കോഴിക്കോട്ടേക്ക് മാറാനായിരുന്നു താല്‍പര്യം. പല വീടുകളും കണ്ടെങ്കിലും തന്റെ മുഴുവന്‍ ലക്ഷ്യങ്ങളും നടപ്പാകാത്ത വീടെന്ന് കരുതി ഇരുപത്തി ഒന്നെണ്ണം വേണ്ടെന്ന് വച്ചു. അങ്ങനെയാണ് പെരുവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വാടക വീട് കണ്ടെത്തിയത്. ആദ്യനോട്ടത്തില്‍ത്തന്നെ വീട് ഇഷ്ടപ്പെട്ടു. ഏക്കര്‍ക്കണക്കിന് വസ്തുവിന് നടുവില്‍ സുരക്ഷിത വീട്. ഒരുഭാഗത്ത് മില്‍മ പ്ലാന്റ്. മറുഭാഗത്ത് നെല്‍പ്പാടം. ഒരുതരത്തിലും തന്റെ ജോലിക്ക് തടസമുണ്ടാകില്ലെന്ന് ജിനോ ഉറപ്പിച്ചു. ചോദിച്ച പതിനായിരം രൂപ വാടകയായി നല്‍കാമെന്നേറ്റു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിയുടെ ഭാഗമായുള്ള ഗോഡൗണായി സൂക്ഷിക്കുമെന്നാണ് ഉടമയെ അറിയിച്ചിരുന്നത്. 

മറ്റുള്ളവരെ വ്യാജനടിക്കാന്‍ സഹായിക്കും 

വ്യാജമദ്യമുണ്ടാക്കാന്‍ മിടുക്കനാണെങ്കിലും തുള്ളി കുടിക്കില്ല. ലഹരിപദാര്‍ഥങ്ങളൊന്നും ഉപയോഗിക്കാറില്ല. കുടിക്കാന്‍ മിനറല്‍ വാട്ടര്‍ നിര്‍ബന്ധം. കപ്പയും മീന്‍കറിയുമാണ് ഇഷ്ടഭക്ഷണം. പകല്‍സമയം നന്നായി ഉറങ്ങും. രാത്രിയിലാണ് മദ്യനിര്‍മാണവും വിതരണവും. രാവിലെ തന്നെ പണി പൂര്‍ത്തിയാക്കി വീണ്ടും ഉറക്കം പിടിക്കും. പുറത്തേക്ക് മദ്യത്തിന്റെ ഗന്ധമെത്താതിരിക്കാന്‍‍ ഇടവേളകളില്‍ റൂം ഫ്രഷ്നര്‍ ഉപയോഗിക്കും. രാമച്ചവും കര്‍പ്പൂരവും ചേര്‍ത്ത് വൈകുന്നേരങ്ങളില്‍ പുകയ്ക്കലും പതിവ്. 

liqour23
ജിനോയുടെ ഗോഡൗണില്‍ നിന്ന് പൊലീസ് പിടികൂടിയ മദ്യക്കുപ്പികള്‍

 

നാട്ടുകാരറിഞ്ഞില്ല, പണിക്കാര്‍ക്കും സംശയമുണ്ടായില്ല 

രണ്ടാഴ്ചയിലധികം പറമ്പ് വൃത്തിയാക്കുന്നതിനും മറ്റ് ജോലികള്‍ക്കുമായി കഴിഞ്ഞദിവസം വരെ വീടിനോട് ചേര്‍ന്ന് നിരവധിയാളുകളുണ്ടായിരുന്നു. എന്നാല്‍ ഇവരൊന്നും ഇത്തരത്തില്‍ വീട്ടിനുള്ളില്‍ മദ്യസംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതായി അറിഞ്ഞിരുന്നില്ല. അത്രയേറെ രഹസ്യമായിരുന്നു ഇടപാട്. വീട്ടിനുള്ളില്‍ ആളില്ലെന്നറിയിക്കാന്‍ മുന്‍വാതില്‍ പുറത്ത് നിന്ന് പൂട്ടി പിന്‍വാതിലിലൂടെയായിരുന്നു ജിനോ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയിരുന്നത്. രാത്രിയില്‍ നഗരത്തിലെത്തി തട്ട് ദോശ കഴിച്ച് മടങ്ങും. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത് രാത്രിയില്‍ മാത്രം. വാഹനത്തില്‍ ചുറ്റിക്കറങ്ങും. യാത്ര പൂര്‍ണമായും വാഹനത്തിലായതിനാല്‍ നാട്ടുകാരില്‍ ഭൂരിഭാഗം ആളുകളും ഇദ്ദേഹത്തെ കണ്ടിരുന്നില്ല. 

 

മദ്യവില്‍പനനിര്‍മാണകേന്ദ്രം പുറത്തറിയിക്കാതിരിക്കാന്‍ തന്ത്രം

പതിവ് ഇടപാടുകാര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. നിബന്ധന ഒന്നുമാത്രം. നിങ്ങളാരും എന്നെത്തേടി സംഭരണകേന്ദ്രത്തിലേക്ക് എത്തേണ്ട. ആവശ്യമുള്ളത് ഞാന്‍ സ്ഥലത്തെത്തിക്കും. ഫോണില്‍ ഇടപാടുറപ്പിച്ചാല്‍ കൊണ്ടുപോകേണ്ട വാഹനവുമായി മുന്‍കൂട്ടി അറിയിക്കുന്ന സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടും. അവിടെ നിന്ന് പിന്നീട് വാഹനമോടിക്കുന്നത് ജിനോ സെബാസ്റ്റ്യനായിരിക്കും. സാധനം നിറച്ച് പറഞ്ഞ സമയത്തിനുള്ളിലെത്തും. പണം രൊക്കമായിത്തന്നെ നല്‍കണമെന്നത് നിര്‍ബന്ധം. 

home-crime
MORE IN Kuttapathram
SHOW MORE