മാല പൊട്ടിക്കുന്നതു കണ്ട് ബാഗിലിട്ടു; പിൻമാറാതെ ബാഗിൽനിന്ന് കവർന്നു

theft34
SHARE

താലൂക്ക് ആശുപത്രിയിൽ അമ്മയോടൊപ്പമെത്തിയ കുഞ്ഞിന്റെ മാല കവർന്നു. തിരൂരങ്ങാടി എൻകെ റോഡിലെ കളരിക്കൽ സനലിന്റെയും വിജിയുടെയും രണ്ടര വയസ്സുള്ള കുട്ടിയുടെ ഒരു പവന്റെ മാലയാണു കവർന്നത്. രണ്ടു സ്ത്രീകൾ മാല കവരാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11.45ന് ആണ് സംഭവം. 

വിജി കുട്ടിയെ ഡോക്ടറെ കാണിക്കാനായി ഒപി ടിക്കറ്റെടുക്കാൻ വരിനിൽക്കുമ്പോൾ ചുരിദാർ ധരിച്ച യുവതിയും സാരി ധരിച്ച സ്ത്രീയും ചേർന്ന് കുട്ടിയുടെ കഴുത്തിൽനിന്നു മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഷാൾ കൊണ്ട് കൈ മറച്ച് കുട്ടിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെങ്കിലും കുട്ടി തിരിഞ്ഞുനോക്കിയതിനാൽ എടുക്കാൻ കഴിഞ്ഞില്ല. മാല പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ട വിജി അതെടുത്ത് ബാഗിലിട്ടു. 

പിന്നീട് ഡോക്ടറെ കണ്ട് തിരിച്ച് വീട്ടിലെത്തി നോക്കിയപ്പോഴാണ് ബാഗിൽനിന്ന് മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മാല പൊട്ടിച്ച സ്ത്രീകൾ തന്നെ വീണ്ടും അടുത്തുകൂടി ബാഗിൽനിന്ന് മാല കവർന്നെന്നാണു കരുതുന്നത്. ആശുപത്രി അധികൃതരും സനലും പൊലീസിൽ പരാതി നൽകി. ഒപി ടിക്കറ്റിന് തിരക്ക് കുറഞ്ഞ സമയമായിട്ടും കവർച്ച നടന്നതിനാൽ സ്ഥിരം മോഷ്ടാക്കളാണെന്നാണു സംശയിക്കുന്നത്.

MORE IN Kuttapathram
SHOW MORE