ഉറക്കം നഷ്ടപ്പെട്ടവരേറെയെന്ന് പൊലീസ്; ഇരുപതുകാരന്‍റെ ‘സൗഹൃദവല’യില്‍ കുടുങ്ങിയവര്‍ ഒരുപാട്

fayas-new34
SHARE

ഒരു ഇരുപതുകാരന്‍റെ തട്ടിപ്പിന്‍റെ ആഴം കണ്ട് അമ്പരക്കുകയാണ് പൊലീസും നാട്ടുകാരും. പെണ്‍കുട്ടികളും സ്ത്രീകളും ആയിരുന്നു. ഇവരില്‍ പലരെയും കാണുന്നതിന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് താമസിക്കുന്ന സ്ഥലത്ത് നിന്ന് പോയിരുന്നത്. പുലര്‍ച്ചെ മടങ്ങിയെത്തും. ബൈക്ക് ഒഴിവാക്കി ബസിലും ഓട്ടോറിക്ഷയിലുമാണ് രാത്രിസമയത്ത് ഓരോയിടത്തേക്കും എത്തിയിരുന്നത്. മുറിയിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള‌ാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തൊഴില്‍പരിശീലന കേന്ദ്രത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിയിരുന്നെങ്കിലും ഏറ്റവും അലസനായ വിദ്യാര്‍ഥിയായാണ് കണ്ടിരുന്നതെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. മറ്റ് കുട്ടികള്‍ക്ക് ഫയാസുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഭക്ഷണമില്ലെങ്കിലും മണിക്കൂറുകളോളം മൊബൈലില്‍ സംസാരിക്കും. ഫോണ്‍വിളിയില്‍ സമയം കളയും. അഞ്ച് മൊബൈല്‍ നമ്പരുകളുണ്ടായിരുന്നു. പതിവായി വിളിക്കുന്ന സുഹൃത്തുക്കളെ കൃത്യമായ കള്ളം പറഞ്ഞാണ് നിലനിര്‍ത്തിയിരുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോഴിക്കോട് ചേവായൂര്‍ പൊലീസ് പിടികൂടിയ ഇരുപതുകാരനെതിരെ കൂടുതല്‍ പരാതി. ഫയാസ് മുബീന്‍ ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങിയിരുന്നതായും അറിയിച്ച് സ്ത്രീകളുള്‍പ്പെടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിവരം പറഞ്ഞവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയാറല്ലെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്. 

ഫയാസ് മുബീനെന്ന ഇരുപതുകാരന്‍ കാരണം ഉറക്കം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടുകയാണ്. ഭംഗിയുള്ള ഡി.ജെയെ കണ്ട് ഇഷ്ടം തോന്നി ഫെയ്സ്ബുക്കിലെ സൗഹൃദ പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളും വനിതകളുമാണ്. പലരും പതിവായി ഫയാസുമായി വാട്സ്ആപ്പ് വഴിയും മെസന്‍ജര്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു. പതിവായി മൊബൈല്‍ ചാര്‍ജ് ചെയ്ത് സഹായിച്ചിരുന്ന പെണ്‍കുട്ടികളുമുണ്ട്. ഇവരില്‍ പലരും ചേവായൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പേരുപറയാതെ കാര്യമറിയിച്ച് പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇരുപതിലധികമാളുകള്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ സ്ത്രീകളും പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമുണ്ട്. ചിലര്‍ക്ക് പണം നഷ്ടപ്പെട്ടു. 

ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് രണ്ടുപേരുടെ പരാതിയും കിട്ടിയിട്ടുണ്ട്. യുവാവിനെക്കുറിച്ച് കൂടുതല്‍ അറിവുണ്ടായിരുന്നില്ലെന്നാണ് ചിലരുടെ പ്രതികരണം. ഇക്കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി പതിനൊന്നിന് കിട്ടിയതിന് പിന്നാലെ സൈബര്‍ സെല്‍ വഴി പൊലീസ് കാര്യമായ അന്വേഷണം തുടങ്ങിയിരുന്നു. പലരുടെയും സംഭാഷണം. അയച്ച സന്ദേശങ്ങള്‍. ചിത്രങ്ങള്‍ തുടങ്ങിയവ വീണ്ടെടുത്തിട്ടുണ്ട്. പലരും ആശങ്ക തീര്‍ക്കാന്‍ പൊലീസ് വിളിക്കുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. ആഢംബര ബൈക്ക് കവര്‍ന്ന ഇടപ്പള്ളിയിലും കണ്ണാടി കവര്‍ന്ന കോഴിക്കോട് കനകാലയ ഷോറൂം ഉടമകളോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

പത്ത് മാസം മുന്‍പ് കണ്ട പതിനേഴുകാരിയുമായി നാടുവിടാന്‍ തീരുമാനിക്കുമ്പോള്‍ ഫയാസിന്റെ കൈയ്യില്‍ പണമില്ല. വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനും താമസിക്കാനുമെല്ലാം സുഹൃത്തുക്കള്‍ സഹായിച്ചു. ആത്മഹത്യാഭീഷണിയായിരുന്നു പലപ്പോഴും. ഒരാഴ്ചക്കാലം പെണ്‍കുട്ടിയുമായി താമസിക്കാന്‍ സഹായിച്ചത് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളായിരുന്നു. ഇവരോട് മല്‍സര പരീക്ഷാപരിശീലനത്തിന് എത്തിയിരുന്നതാണെന്ന് വിശ്വസിപ്പിച്ചു. ഒരു രാത്രിയില്‍ കൂടുതല്‍ ഒരിടത്തും തങ്ങിയില്ല. 

പിതാവിനെ നേരത്തെ നഷ്ടപ്പെട്ടുവെന്നാണ് ഫയാസ് പൊലീസിനോട് പറ‍ഞ്ഞിട്ടുള്ളത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഫറൂഖിലെ സ്കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ആഢംബര ഭ്രമത്തിലേക്ക് തിരിയുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ തുടരാന്‍ ബിലാത്തിക്കുളത്തെ തൊഴില്‍പരിശീലനകേന്ദ്രത്തില്‍ പഠനം തുടങ്ങി. സമീപത്തെ ലോഡ്ജില്‍ താമസം. വീട്ടില്‍ നിന്ന് പണമൊന്നും കിട്ടാത്തതിനാല്‍ പഠിക്കാനും അടിച്ചുപൊളിക്കാനും മറ്റ് വഴികള്‍ തേടി. പരിശീലനകേന്ദ്രത്തില്‍ മാസം തോറും അടയ്ക്കാനുള്ള രണ്ടായിരത്തി അഞ്ഞൂറ് രൂപയും താമസസ്ഥലത്ത് നല്‍കാനുള്ള തുകയും രണ്ട് പെണ്‍കുട്ടികളും മൂന്ന് വീട്ടമ്മമാരും ചേര്‍ന്നാണ് നല്‍കിയിരുന്നത്. മറ്റ് ചെലവുകള്‍ക്കുള്ള തുക കണ്ടെത്തിയിരുന്നതും സ്ത്രീ സൗഹൃദം വഴിയായിരുന്നു. വലിയ സാമ്പത്തിക ഇടപെടലുകള്‍ക്ക് പകരം ആയിരവും രണ്ടായിരവുമായി വാങ്ങിയിരുന്നു. പണംനല്‍കാന്‍ ചിലര്‍ തയാറായതോടെയാണ് വഴിതെറ്റി സഞ്ചരിക്കാന്‍ ഈ യുവാവിനെ പ്രേരണ കിട്ടിയത്. ‍

ഫയാസിന്റെ ഹരം. കഴിഞ്ഞ പെരുന്നാളിന് നാട്ടിലെത്തിയപ്പോള്‍ മടക്കയാത്രയ്ക്കായി അമ്മ നല്‍കിയത് 200 രൂപ. പണം തിരികെ നല്‍കാന്‍ തുടങ്ങിയതിനൊപ്പം രണ്ടായിരം രൂപ അമ്മയ്ക്ക് നല്‍കാന്‍ നോക്കി. ബൈക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിന്റേതെന്ന് ആവര്‍ത്തിച്ചു. വീട്ടുകാരുമായി കാര്യമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഈ ശ്രദ്ധക്കുറവാണ് കൂടുതല്‍ പിഴവുകളിലേക്കെത്തിച്ചതെന്ന് പൊലീസ് പറയുന്നു. 

തട്ടിപ്പ് ഫെയ്സ്ബുക്ക് അക്കൗണ്ടിനൊപ്പം വ്യാജ പദവികളും

ഫെയ്സ്ബുക്കില്‍ പേരിനൊപ്പം ഫയാസ് ഉള്‍പ്പെടുത്തിയിട്ടുള്ള പലതും വ്യാജമായിരുന്നു. ചിലതെല്ലാം പൊലീസ് ചോദിക്കുമ്പോഴാണ് അങ്ങനെയാണോ എന്ന് തിരിച്ച് പറഞ്ഞത്. ആകര്‍ഷിക്കാന്‍ പലതും വെറുതെ ചേര്‍ത്തതാണെന്ന് പൊലീസിനോട് പറഞ്ഞു. ചിലത് രൂപമാറ്റം വരുത്താന്‍ സഹായിച്ച സുഹൃത്തുക്കള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയത്. അതെല്ലാം സൗഹൃദപ്പട്ടിക വിപുലമാക്കാന്‍ ഈ ഇരുപതുകാരനെ നന്നായി സഹായിച്ചു. 

 

കൂരയില്‍ നിന്ന് ‘പഞ്ചനക്ഷത്ര’ ഹോട്ടലിലേക്ക്

കുമ്പളയിലെ രണ്ട് സെന്റിലെ കൂരയില്‍ താമസം. വീടിനോട് ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡി.ജെയെന്നാണ് വിശേഷണം. ആരുടെയും കണ്ണിലുടക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി. അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജവിവരങ്ങള്‍ ഫയാസ് മുബീന്‍ ചേര്‍ത്തിരുന്നു. രണ്ടായിരത്തി നാല്‍പ്പത്തി ഒന്‍പത് ആളുകളാണ് ഫെയ്സ്ബുക്കില്‍ മാത്രം ഫയാസിന് സുഹൃത്തുക്കളായുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണു. കഴിഞ്ഞ പത്ത് മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍പരിശീലനകേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണ് പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. പിന്നീട് നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണ് നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പ് പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡി.ജെയെ തിരിച്ചറിഞ്ഞത്. 

പൊലീസ് മുന്നറിയിപ്പ്

ഈ യുവാവിന്റെ ചതിക്കുഴിയില്‍പ്പെട്ടവര്‍ നിരവധിയാണെന്ന് ഓരോ ദിവസവും വരുന്ന വിളികള്‍ തെളിയിക്കുന്നു. പലരും ശ്രദ്ധയില്ലാതെ ആളുകളെ സൗഹൃദപ്പട്ടികയില്‍ ചേര്‍ക്കും. കൗതുകത്തില്‍ തുടങ്ങി പിന്നീട് വിലപ്പെട്ടതെല്ലാം നഷ്ടപ്പെടും. ഇതിനിടയില്‍ പലരീതിയില്‍ കുടുംബ ബന്ധങ്ങളിലും ഉലച്ചിലുണ്ടാകും. പെണ്‍കുട്ടികളുമായി രക്ഷിതാക്കളുടെ കലഹവും പതിവാകും. നിരീക്ഷണവും സ്വന്തം പ്രതിരോധവും തന്നെയാണ് ഫലപ്രദം. അറിയാതെ പോകരുത്. ചതിക്കുഴികള്‍ ഏറെയാണ്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.