വയനാട് നടുങ്ങിയ ഇരട്ടക്കൊല; ദുരൂഹത ചുരമിറങ്ങിയത് ഇങ്ങനെ

makkiyadu-murder-case
SHARE

വയനാട് വെള്ളമുണ്ടയില്‍ നവദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയായ കോഴിക്കോട് കാവിലുപാറ സ്വദേശി വിശ്വനാഥനെ അറസ്റ്റ് ചെയ്തു. മോഷണത്തിന് വേണ്ടിയായിരുന്നു പ്രതി ഒറ്റയ്ക്ക് ക്രൂരമായ കൊലപാതകം നടത്തിയത്. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. മോഷണക്കേസുകളില്‍ നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.

ഇക്കഴിഞ്ഞ ജൂലൈമാസം ആറിനാണ് മക്കിയാട് പുറിഞ്ഞി വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ടത്. മൂന്നുമാസം മുമ്പ് വിവാഹം കഴിഞ്ഞവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അന്വേഷണം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയുണ്ടാവാത്തതില്‍ വ്യാപകമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉരുന്നതിനിടെയാണ് നിര്‍ണായകമായ വഴിത്തിരിവ്. മലബാര്‍ ജില്ലകളിലെ ക്രിമിനല്‍സ്വഭാവമുള്ളവരുടെ പട്ടിക പൊലീസ് തയാറിക്കിയിരുന്നു. 

ജയിലില്‍ നിന്നും കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയവരെക്കുറിച്ചും കഞ്ചാവുകച്ചവടക്കാരെക്കുറിച്ചും വിവരം ശേഖരിച്ചു. കുടക്,മൈസൂര്‍ നീലഗിരി,ബെംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മുന്‍കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളുമെടുത്തു. മോഷണം പീഡനം തുടങ്ങിയ കേസുകളില്‍ ശിക്ഷ അനുഭവിച്ച കോഴിക്കോട് കാവിലും പാറ സ്വദേശി വിശ്വനാഥനും ഈ ലിസ്റ്റിലുണ്ടായിരുന്നു. ഇയാളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ബാധ്യതകളെക്കുറിച്ചുമുള്ള അന്വേഷണം നിര്‍ണായകമായി. അടുത്തിടെ വിശ്വനാഥന്‍ സാമ്പത്തിക ബാധ്യത തീര്‍ത്തിരുന്നു. മോഷണം പോയ വസ്തുക്കള്‍ കേന്ദ്രീകരിച്ച അന്വേഷണം പൊലീസിനെ പ്രതിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. മോഷ്ടിച്ച സ്വര്‍ണം കുറ്റ്യാടിയിലെ ഒരു കടയിലാണ് വിറ്റത്. വിരലടയാളത്തെളിവുകളും ലഭിച്ചു. മോഷണം, സ്ത്രീപീഡനം, വിശ്വസവഞ്ചന എന്നീ കേസുകളില്‍ നേരത്തെ വിശ്വനാഥന്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്വദേശത്തും നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

നേരത്തെ വാഹനത്തില്‍ ലോട്ടറിക്കച്ചവടവും ആശാരിപ്പണിയും നടത്തിയതിനാല്‍  വെള്ളമുണ്ട മാനന്തവാടി മേഖലയെക്കുറിച്ച് പ്രതിക്ക് നല്ല പരിചയമുണ്ട്. വെള്ളമുണ്ടയില്‍ പാതി രാത്രി മോഷണത്തിനെത്തിയതായിരുന്നു വിശ്വനാഥന്‍. സംഭവം ദിവസം രാത്രി ഉമ്മറും ഫാത്തിമയും വീടിന്റെ വാതില്‍ ശരിക്കും അടച്ചിരുന്നില്ല. ചുറ്റിക്കറങ്ങുന്നതിനിടെ ഇത് പ്രതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബെഡ്റൂമിനകത്ത്  കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടന്ന ഫാത്തിമയുടെ സ്വര്‍ണ മാല എടുക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ ഉമ്മറിനെ തലയ്ക്കടിച്ചുവീഴ്ത്തി. ശബ്ദം കേട്ട് എണീറ്റ ഫാത്തിമയെയും തലയ്ക്കടിച്ച് ബോധം കെടുത്തി. ഇരുവരെയും തലയില്‍ പിടിച്ചമര്‍ത്തി മരണം ഉറപ്പാക്കി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. പുറത്തിറങ്ങി തെളിവ് നശിപ്പിക്കാന്‍ മുളക് പൊടി വിതറി സ്ഥലം വിട്ടു. കൊല്ലാനുപയോഗിച്ച ഇരുമ്പു കമ്പി സമീപത്തെ പാടത്ത് നിന്നും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി.

കേസ് അന്വേഷണത്തിനായി രണ്ട് ലക്ഷത്തോളം ഫോണ്‍ കോളുകളാണ് പൊലീസ് പരിശോധിച്ചത്. ശാസ്ത്രീയസാങ്കേതികമാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി. ആദ്യഘട്ടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രദേശത്തുള്ളവരുടെയും തൊഴിലാളികളുടെയും ഫൂട്പ്രിന്റുകളും വിരലടയാളങ്ങളും ശേഖരിച്ചു. പ്രധാന കവലകളില്‍ ഇന്‍ഫോര്‍മേഷന്‍ ബോക്സുകളും സ്ഥാപിച്ചിരുന്നു. പ്രദേശത്തെ കിണറുകളെല്ലാം ആയുധങ്ങങ്ങള്‍ക്കായി വറ്റിച്ചിരുന്നു. എന്നാല്‍ അന്വേഷണം കാര്യക്ഷമല്ല എന്ന വിമര്‍ശനം ഉയര്‍ത്തിരുന്നു. ഇതില്‍പ്രതിഷേധിച്ച് രണ്ട് പഞ്ചായത്തുകളില്‍ ഹര്‍ത്താലുകളും ആചരിച്ചിരുന്നു

MORE IN Kuttapathram
SHOW MORE