ആ ദുരഭിമാനക്കൊല ഒരു കോടിയുടെ ക്വട്ടേഷന്‍; കൊലയാളികൾക്ക് ഐഎസ്ഐ ബന്ധം

telangana-murder
SHARE

തെലങ്കാനയിൽ രണ്ടുദിവസം മുൻപ് നടന്ന ദുരഭിമാനക്കൊലക്ക് പിന്നിൽ ഒരു കോടിയുടെ ക്വട്ടേഷനെന്ന് റിപ്പോർട്ട്. കൊലപാതകസംഘത്തിന് പാകിസ്താനി ഇന്റർ സർവീസസ് ഇന്റലിജൻസുമായി(ഐഎസ്ഐ) ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ(21) വിവാഹം ചെയ്ത പ്രണയ് കുമാറിനെ(23) പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രണയിയെ കൊലപ്പെടുത്തിയയാൾ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വാഗ്ദാനമായ ഒരു കോടിയിൽ 18 ലക്ഷം സംഘം രൂപയാണ് സംഘം കൈപ്പറ്റിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഹാരെൻ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തന്നെയാണ് പ്രണയ് വധക്കേസിൽ അറസ്റ്റിലായതെന്നും സൂചനയുണ്ട്. ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് പ്രണയ് കൊല്ലപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയിയെ കൊലപ്പെടുത്തിയതെന്ന് അമൃത ആരോപിച്ചിരുന്നു. 

ജനുവരിയിലാണ് അമൃതയും പ്രണയിയും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.  

പിതാവിന് ഉന്നതരാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സ്വത്തുവകകളെക്കുറിച്ച് അന്വേഷിക്കണമെന്നും അമൃത ആവശ്യപ്പെട്ടു. അമൃതയുടെ മൊഴിയിൽ പ്രദേശത്തെ രാഷ്ട്രീയനേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

MORE IN Kuttapathram
SHOW MORE