വിലപേശലിനിടെ വിവരം ചോർന്നു; ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി 5 പേർ പിടിയിൽ

currency-case
SHARE

മലപ്പുറം നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍. പണം മാറ്റി നല്‍കാമെന്ന് പറഞ്ഞ് പാലക്കാട് സ്വദേശിയില്‍ നിന്നാണ് നിരോധിത നോട്ടുകള്‍ വാങ്ങിയത്. ഇവര്‍ സഞ്ചരിച്ച രണ്ടു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട് സ്വദേശിയില്‍ നിന്ന് മൂന്നു ദിവസം മുന്‍പാണ്  ഒരു കോടി രൂപയുടെ നിരോധിത നോട്ട് വാങ്ങിയത്. പണം മാറ്റി നല്‍കാമെന്നു പറഞ്ഞ്  കമ്മിഷനായി അഞ്ചു ലക്ഷം രൂപയും വാങ്ങി. പണവുമായി നിലമ്പൂരിലെത്തിയതറിഞ്ഞ് പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ടു കാറുകളിലായി സഞ്ചരിച്ച സംഘത്തെ പിടികൂടിയത്. കൊണ്ടോട്ടി സ്വദേശികളായ ജലീല്‍, ഫിറോസ് ബാബു, മഞ്ചേരി സ്വദേശി ഷൈജല്‍ തിരുവന്തപുരം സ്വദേശി സന്തോഷ്, കാഞ്ചിപുരം സ്വദേശി കെ.സോമനാഥന്‍ എന്നിവരാണ് അറസ്റ്റിലായത്. 

കമ്മിഷന്‍ തുക ലക്ഷ്യമിട്ടാണ് പ്രതികള്‍ നിരോധിച്ച നോട്ടുകള്‍ മാറ്റിത്തരാമെന്ന് വാഗ്ദാനം നല്‍കിയത്. നോട്ടു നല്‍കിയ പാലക്കാട് സ്വദേശിക്കായി പൊലീസ് അന്വേഷണം തുടങ്ങി. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ, സിഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.

പഴയ നോട്ടുകൾ ബാങ്ക് മുഖേന മാറ്റിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഉയർന്ന തുക കമ്മിഷൻ തട്ടുകയാണ് പ്രതികളുടെ പരിപാടിയെന്ന് പൊലീസ് പറഞ്ഞു. വിലപേശലിനിടയിൽ വിവരം ചോർന്നു. ഇടപാടുകാരെന്ന വ്യാജേന ബന്ധപ്പെടുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്ത ശേഷമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 500 രൂപയുടെ 88 എണ്ണം ഒഴികെ ബാക്കിയെല്ലാം 1000 രൂപയുടേതാണ്. 

MORE IN Kuttapathram
SHOW MORE