രാജ്യ തലസ്ഥാനത്ത് മലയാളികളെ ലക്ഷ്യമിട്ട് പുത്തന്‍ മോഷണ തന്ത്രങ്ങളുമായി കവര്‍ച്ചാ സംഘം

delhi-theft
SHARE

മലയാളികളെ ഉന്നം വെച്ച് പുത്തന്‍ മോഷണ തന്ത്രങ്ങളുമായി കവര്‍ച്ചാ സംഘം രാജ്യ തലസ്ഥാനത്ത് പിടിമുറുക്കുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ഗാര്‍ഡനില്‍ മാത്രം കഴിഞ്ഞ ആറു മാസത്തിനിടെ മോഷണസംഘത്തിന്‍റെ ആക്രമണത്തിനിരയായത് അന്‍പതിലധികം മലയാളി കുടുംബങ്ങളാണ്. അക്രമികള്‍ക്കെതിരെ പലപ്പോഴും പൊലീസ് നടപടിയെടുക്കാന്‍ വൈകുന്നതും കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ ഉയരാന്‍ കാരണമായി.

മഹാപ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് നല്‍കാനുള്ള അവശ്യസാധനങ്ങളുമായി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വന്നതായിരുന്നു ആലുവ സ്വദേശി ബേബി ജോര്‍ജ്. മൂന്നു ദിവസത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കഴി‍ഞ്ഞ് തിരികെ ഡല്‍ഹിയിലെത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം കള്ളന്മാര്‍ കൊണ്ടുപോയി. പൊലീസ് റെയിഡിനു വരുന്നുണ്ടെന്നും വലിപിടിപ്പുള്ള സാധനങ്ങള്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ബേബിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെന്ന വ്യാജേനയാണ് മോഷ്ടാക്കള്‍ ഷാലിമാര്‍ ഗാര്‍ഡനിലെ ബേബിയുടെ വീട്ടിലെത്തിയത്.

ആദ്യമൊന്നു പകച്ചുപോയ ഭാര്യ സാറാമ്മ ഭര്‍ത്താവിനെ ഫോണ്‍ചെയ്യാനായി അകത്തുപോയ തക്കത്തിലാണ് അക്രമി സംഘം വീടു കൊള്ളയടിച്ചത്. പതിനാല് പവര്‍ സ്വര്‍ണവും പണവും മോഷ്ടാക്കള്‍ കൊണ്ടുപോയി. പട്ടാപ്പകല്‍ തിരക്കേറിയ ദേശീയപാതയില്‍വെച്ചാണ് നിര്‍മല ആന്‍റണിയെന്ന വീട്ടമ്മയുടെ മാല അക്രമിസംഘം പിടിച്ചുപറിച്ചത്. പള്ളിയില്‍ പോയി തിരികെ വരുകയായിരുന്ന നിര്‍മലയോട് വഴി ചോദിക്കാനെന്ന വ്യാജേനയാണ് അക്രമിസംഘം അടുത്തുകൂടിയത്. അടുത്തെത്തിയ സംഘം തോക്കുചൂണ്ടി മാലയും വളയും തട്ടിയെടുത്ത് കടന്നുകളഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ വരുകയായിരുന്ന ബോബി കോശിക്കും നഷ്ടപ്പെട്ടത് പുത്തന്‍ ലാപ്ടോപ്പും പണവും ഫോണുമാണ്. കാറില്‍ നിന്ന് ഒായില്‍ ചോരുന്നുണ്ടെന്ന് പിന്നാലെ ബൈക്കില്‍ വന്ന രണ്ടു ചെറുപ്പക്കാന്‍ വിളിച്ചുപറഞ്ഞു. കാര്‍ നിര്‍ത്തി പുറത്തിറങ്ങി പരിശോധിക്കുന്ന ബോബിയെ തള്ളിമാറ്റി പിന്നാലെ മറ്റൊരു ബൈക്കില്‍ വന്ന അക്രമികള്‍ കാറിനുള്ളില്‍ കയറി. കാര്‍ മോഷ്ടിക്കാനായിരുന്നു പദ്ധതിയെങ്കിലും ബോബിയുടെ ബഹളം കേട്ട് ആള് കൂടിയതോടെ കയ്യില്‍ കിട്ടിയതെടുത്ത് അക്രമിസംഘം രക്ഷപ്പെട്ടു. ഷാലിമാര്‍ ഗാര്‍ഡനിലെ തിരക്കേറിയ റോ‍ഡില്‍ വെച്ചാണ് എബി വര്‍ഗീസ് മുകേഷ് മേനോന്‍റെയും മാലയും പണവും ഫോണും തോക്കു ചൂണ്ടി അക്രമി സംഘം കൈക്കലാക്കിയത്. 

ഏതാനും ചില സംഭവങ്ങള്‍ മാത്രമാണിത്. കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്താല്‍ അന്‍പതിലധികം കുടുംബങ്ങളാണ് വന്‍ കവര്‍ച്ചയ്ക്ക് ഇരകളായത്. ഇനി രണ്ടുവര്‍ഷത്തെ കാര്യമെടുത്താല്‍ ആറര കിലോമിറ്റര്‍ മാത്രം വിസ്തൃതിയുള്ള ഷാലിമാര്‍ഗാര്‍ഡനില്‍ അക്രമിസംഘത്തിന്‍റെ തോക്കിന്‍ കുഴലില്‍ ഭീതിയോടെ നിന്ന് ഇരുന്നൂറിലധികം കുടുംബങ്ങള്‍ക്കാണ് എല്ലാം നഷ്ടമായത്. ഡല്‍ഹിയിലെ മറ്റിടങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. വ്യാവസായിക മേഖലയായ കഡ്കഡ്ദുമയില്‍ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കാണ് ഇന്നലെ കാര്‍മോഷ്ടാക്കളുടെ ആക്രമണമേറ്റത്. പതിനെട്ടും ഇരുപതും വയസുള്ളവരാണ് കവര്‍ച്ചാസംഘത്തിലുള്ളത്. വ്യക്തമായി തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. പലപ്പോഴും പ്രതികളെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു പൊലീസിന്‍റെ സമീപനം, സാധനങ്ങള്‍ തിരികെ നല്‍കാനായി കൈക്കൂലി വരെ ചോദിച്ചവരും പൊലീസിലുണ്ടെന്നാണ് ആരോപണം.

ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന അക്രമികള്‍ ചെറു സംഘങ്ങളായി പിരിഞ്ഞാണ് കവര്‍ച്ച നടത്തുന്നത്. സാധനങ്ങള്‍ കിട്ടിയില്ലെങ്കില്‍ ശാരീരികമായി ഉപദ്രവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ അടിച്ചമര്‍ത്താന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാനും ഡല്‍ഹിയിലെ വിവിധ മലയാളി കൂട്ടായ്മകള്‍ ആലോചിക്കുന്നു.

MORE IN Kuttapathram
SHOW MORE