അപകടം നടത്തി സ്വർണക്കവർച്ച; പിന്നിൽ കൊച്ചിയിലെ ക്രിമിനല്‍ സംഘം

chalakkudi-theft
SHARE

നെടുമ്പാശേരി വഴി കടത്തിയ സ്വര്‍ണം ചാലക്കുടി പോട്ട ദേശീയപാതയില്‍ കൊള്ളയടിച്ച സംഭവത്തില്‍ കവര്‍ച്ചാ സംഘം കൊച്ചിയിലെ ക്രിമിനല്‍ സംഘമാണെന്ന് സൂചന. കവര്‍ച്ചാ സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥരും ചോദ്യംചെയ്തു.

വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ 540 ഗ്രാം സ്വര്‍ണമാണ് ചാലക്കുടി പോട്ട ദേശീയപാതയില്‍ കൊള്ളയടിച്ചത്. സ്വര്‍ണവുമായി കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കിയായിരുന്നു കവര്‍ച്ച. സ്വര്‍ണമുണ്ടായിരുന്ന കാര്‍ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതിക്കാരായ കൊടുവള്ളി സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. രണ്ടു ദിവസമായി സ്വര്‍ണം നെടുമ്പാശേരി വഴി കടത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരാതിക്കാരുടെ കൈവശം വിമാനത്താവളത്തിലേയ്ക്കുള്ള രണ്ടു ദിവസത്തെ പ്രവേശന പാസുകള്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചാ സംഘത്തിന്റെ ഇന്നോവ കാര്‍ വ്യാജ നമ്പര്‍ പതിച്ചാണ് എത്തിയത്. 

ഹൈവേയിലെ കാമറയില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നില്ലെന്ന് പൊലീസിന് സൂചന ലഭിച്ചു. ആലുവ റൂറല്‍, കൊച്ചി സിറ്റി പൊലീസ് സംഘങ്ങളുടെ സഹായത്തോടെയാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. 

MORE IN Kuttapathram
SHOW MORE