തൃശൂരിൽ വനിതാ കൗൺസിലറുടെ ഇരുചക്ര വാഹനം തീവച്ചു നശിപ്പിക്കാൻ ശ്രമം

thrissur-attack
SHARE

തൃശൂര്‍ കോര്‍പറേഷനിലെ വനിതാ കൗണ്‍സിലറുടെ ഇരുചക്ര വാഹനം തട്ടിയെടുത്ത് തീവച്ചു നശിപ്പിക്കാന്‍ ശ്രമം. അരണാട്ടുകര ഡിവിഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിന്റെ വാഹനമാണ് തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ചത്. 

തൃശൂര്‍ അരണാട്ടുകരയിലെ ഫ്ളാറ്റിലാണ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിന്റെ താമസം. ഫ്ളാറ്റിന്റെ പാര്‍ക്കിങ് മേഖലയില്‍ മകന്റെ ബൈക്കും കൗണ്‍സിലറുടെ സ്കൂട്ടറും ഉണ്ടായിരുന്നു. മകന്റേത് പുതിയ ബൈക്കായിരുന്നു. സീറ്റ് കത്തിയിട്ടുണ്ട്. കൗണ്‍സിലറുടെ സ്കൂട്ടര്‍ തള്ളി കൊണ്ടുപോയി ഒന്നരകിലോമീറ്റര്‍ അപ്പുറത്തുള്ള പാടത്താണ് ഉപേക്ഷിച്ചത്. വാഹനത്തില്‍ മണ്ണെണ്ണ ഒഴിച്ചതായും കണ്ടെത്തി. രാവിലെ സ്കൂട്ടര്‍ കാണാതായതിനെ തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ, നാട്ടുകാരില്‍ ചിലര്‍ ഒരു ബൈക്ക് പാടത്ത് ഉപേക്ഷിച്ചതായി കണ്ടു. അങ്ങനെയാണ്, ഇത് കൗണ്‍സിലറുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. 

വെള്ളം കയറിയ ചേരിനിവാസികളെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കൗണ്‍സിലര്‍ ശക്തമായി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി, ചില അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ് ലാലി ജെയിംസ്. നിലവില്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. വാഹനം തട്ടിയെടുത്തത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഫ്ളാറ്റില്‍ സിസിടിവി കാമറകളില്ല. പരിസരത്തുള്ള വീടുകളിലെ സിസിടി കാമറകളില്‍ ദൃശ്യങ്ങള്‍ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

MORE IN Kuttapathram
SHOW MORE