എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ തിങ്കളാഴ്ച ബന്ദില്ല

hartal
SHARE

എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളെ തിങ്കളാഴ്ചത്തെ ബന്ദില്‍നിന്ന്  കോണ്‍ഗ്രസ് ഒഴിവാക്കി. ആലുവ, കളമശേരി, പറവൂര്‍ മണ്ഡലങ്ങളില്‍ ബന്ദ് ബാധിക്കില്ലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ അറിയിച്ചു. 

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. കേരളത്തെ ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്നും കെപിസിസി പ്രസിഡൻറ് എംഎം ഹസൻ നേരത്തേ അറിയിച്ചിരുന്നു. താൻ ഹർത്താലിനെതിരെ സമരം ചെയ്തിട്ടില്ല. നിയന്ത്രിക്കണമെന്നാണു നിലപാടെന്നും ഹസൻ പറഞ്ഞു. നേരത്തെ രാവിലെ ഒൻപതു മുതൽ മൂന്നുവരെ ഭാരത് ബന്ദ് നടത്തുന്നതിനാണു തീരുമാനിച്ചിരുന്നത്.

എഐസിസി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായിട്ടായിരിക്കും ആചരിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങൾ, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ വിനോദ സഞ്ചാരികൾ, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. തികച്ചും സമാധാനപരമായിട്ടായിരിക്കും ഹർത്താൽ നടത്തുകയെന്നും ഹസൻ പറഞ്ഞു.

എൽഡിഎഫും തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്താൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവൻ ഇടതുകക്ഷികളും സഹകരിക്കും. ദുരിതാശ്വാസ വാഹനങ്ങളെയും ടൂറിസം മേഖലയെയും ഒഴിവാക്കുമെന്ന് എളമരം കരീം എംപി പറഞ്ഞു.

വാഹനങ്ങൾ തടയില്ലെന്നും പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കുമെന്നുമാണു കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിനു പിന്തുണ അറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

MORE IN Kuttapathram
SHOW MORE