കെട്ടിയിട്ടുകവർച്ച: അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും

kannur-robbery
SHARE

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടാന്‍ അന്വേഷണസംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം കണ്ണൂര്‍ ടൗണിലും റെയില്‍വേ സ്റ്റേഷനിലും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. 

കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന നിഗമനത്തില്‍ തന്നെയാണ് കണ്ണൂര്‍ പൊലീസ്. ഇതേ രീതിയില്‍ തൃപ്പൂണിത്തുറയിലും കേരളത്തിന് പുറത്തും നടന്ന കവര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരടക്കം കവര്‍ച്ചാ സംഘത്തിലുണ്ടാകാം. അതുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ ഇതരംസംസ്ഥാനങ്ങളിലെ പൊലീസില്‍നിന്ന് ലഭിക്കാതെ ഇവിടുന്ന് അന്വേഷണസംഘത്തെ അയക്കില്ല. 

കവര്‍ച്ച നടന്ന സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. മോഷണത്തിന് ശേഷം റെയില്‍വേ ട്രാക്ക് വഴി നടന്ന് പ്രതികള്‍ രക്ഷപ്പെട്ടാന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവികളില്‍നിന്നും അന്വേഷണത്തിന് ഉപകരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ല. ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ പരിശോധനകളും തുടരുകയാണ്. കഴിഞ്ഞ വ്യാഴ്ച രാത്രിയാണ് കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും മര്‍ദിച്ച് കെട്ടിയിട്ടശേഷം സ്വര്‍ണവും പണവും വീട്ടുസാധനങ്ങളും കൊള്ളസംഘം തട്ടിയെടുത്തത്.

MORE IN Kuttapathram
SHOW MORE