അഭിമന്യുവധം; മുഖ്യപ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ; അഞ്ചുപേർ ബാക്കി

abhimanyu
SHARE

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നാസറാണ് പിടിയിലായത്. മുഖ്യപ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്. 

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അബ്ദുള്‍ നാസറിനെ ആലുവയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ ഒളിവില്‍കഴിയുകയായിരുന്ന പ്രതി ട്രെയിന്‍ മാര്‍ഗം നാട്ടിലേയ്ക്ക് വരുന്നവഴി എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള നാലുപേരെ മാത്രമാണ് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. 

അഭിമന്യുവിനെ ആക്രമിച്ച സംഘത്തിലെ പ്രധാനികളെ സഹായിച്ചവരാണ് ഇതുവരെ അറസ്റ്റിലായവരില്‍ ഏറെയും.  ജൂണ്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് വീണത്. ആ രാത്രി തന്നെ മൂന്നുപേരെ പിടികൂടാനായെങ്കിലും മുഖ്യപ്രതികള്‍ നാടുവിട്ടിരുന്നു. അബ്ദുള്‍ നാസറിന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനെട്ടായി. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.  

MORE IN Kuttapathram
SHOW MORE