രജിസ്ട്രേഷനില്ലാതെ രണ്ട് വര്‍ഷമായി നികുതിവെട്ടിച്ച് ഓടിയ ആഡംബര കാര്‍ പിടികൂടി

car-seize
SHARE

രജിസ്ട്രേഷനില്ലാതെയും നികുതി അടയ്ക്കാതെയും രണ്ട് വര്‍ഷമായി നിരത്തില്‍ ഓടിയിരുന്ന ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോഴിക്കോട് തിക്കോടിയില്‍ വാഹന പരിശോധനക്കിടെയാണ് എണ്‍പത് ലക്ഷം രൂപ വിലയുള്ള കാറിലെ നിയമലംഘനം കണ്ടെത്തിയത്. 

എണ്‍പത് ലക്ഷം രൂപ വിലയുള്ള 2016 മോഡല്‍ കാറാണ് പിടികൂടിയത്. രണ്ട് വര്‍ഷത്തിനിടെ വാഹനം ഇരുപത്തി നാലായിരത്തി അറുന്നൂറ്റി ഇരുപത് കിലോമീറ്റര്‍ ഓടി. എറണാകുളത്തെ വില്‍പനശാലയില്‍ നിന്ന് മട്ടന്നൂരിലെ വ്യവസായിയെ കാണിക്കുന്നതിനായി വാഹനം കൊണ്ടുപോകുകയായിരുന്നു. നമ്പര്‍ പ്ലേറ്റില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷനാണുള്ളത്. ഇരുപത് ശതമാനം നികുതി കണക്കാക്കിയാല്‍ സര്‍ക്കാരിന് 15 ലക്ഷത്തിലധികം രൂപ കിട്ടേണ്ടിയിരുന്നു.

രണ്ട് വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും സ്പീഡോ മീറ്ററില്‍ പുതിയ ഇടപാടുകാരനെ കാണിക്കുമ്പോള്‍ പൂജ്യം എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക. ഇത് വാങ്ങുന്നയാളിന് മനസിലാക്കാനും സാധിക്കില്ല. വാഹനം ദീര്‍ഘകാലം ഓടിയ ശേഷം ചെറിയ പിഴവുകളുണ്ടായാല്‍ പരിഹരിച്ച് പുത്തനെന്ന മട്ടില്‍ പുതിയ ആളിന് കൈമാറുന്നതാണ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

തുടര്‍ നടപടിക്കായി വാഹനം പയ്യോളി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുപത് ശതമാനം നികുതിക്ക് പുറമെ രജിസ്ട്രേഷനില്ലാതെ ഓടിയതിന് പിഴയും ഈടാക്കിയ ശേഷമായിരിക്കും വാഹനം വിട്ടുനല്‍കുക. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.