ഹവില്‍ദാരെ കാണാതായതില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ

havildar-missing
SHARE

ഹരിയാനയിലെ ജോലിക്കിടെ ഹവില്‍ദാരെ കാണാതായതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കോഴിക്കോട് വെള്ളലശേരി സ്വദേശി ഷിജുവിനെ കണ്ടെത്തുന്നതിനായി ബന്ധുക്കള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചെങ്കിലും നടപടിയില്ല. നാല്‍പത് ദിവസം കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരാരും രേഖാമൂലം മറുപടി നല്‍കാന്‍ തയാറാകാത്തതാണ് സംശയത്തിനിടയാക്കുന്നത്.  

മാര്‍ച്ച് എട്ടിനാണ് ഷിജു അധികം സംസാരിക്കുന്നില്ലെന്നറിയിച്ച് വീട്ടിലേക്ക് ലെഫ്റ്റനന്റ് കേണല്‍ മിശ്രയുടെ വിളിയെത്തിയത്. അന്ന് തന്നെ ഷിജുവിന്റെ സഹോദരന്‍ ഹരിയാനയിലെത്തി. ഷിജുവിന് അവധി അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മേലധികാരികള്‍ ഹരിയാനയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. മാര്‍ച്ച് 11 ന് ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇരുപത്തി എട്ട് ദിവസത്തെ അവധിക്കായി നാട്ടിലെത്തിയ ഷിജു മേയ് ഒന്നിന് മടങ്ങി. മേയ് 28 ന് ചണ്ടിഗ‍‍ഡിലെ കമാന്‍ഡിങ് ആശുപത്രിയില്‍ നിന്ന് ‍ഡല്‍ഹിയിലെ ബേസ് ആശുപത്രിയിലേക്ക് പോയി. ഈ യാത്രയില്‍ ഷിജുവിനെ കാണാതായെന്നാണ് വീട്ടുകാര്‍ക്ക് വിവരം കിട്ടിയത്. റയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഓടിപ്പോയെന്നാണ് അറിയിച്ചത്. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ ഷിജുവിന് ഇതിന് കഴിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് രാത്രി ഷിജു വീട്ടിലേക്കും വിളിച്ചിരുന്നു.  

സൈനികനുള്ള താമസസൗകര്യം ഒഴിവാക്കി ലോഡ്ജിലാണ് ഷിജു കഴിഞ്ഞിരുന്നതെന്ന് വിവരമുണ്ട്. ലോഡ്ജില്‍ താമസിച്ചത് നിയമവിരുദ്ധമെന്ന് മാത്രമല്ല രോഗിക്കൊപ്പമുണ്ടാകേണ്ട സൈനിക ഉദ്യോഗസ്ഥരും വിവരമറിയിക്കാന്‍ വൈകിയതിന്റെ കാരണവും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ദുരൂഹതയെന്ന് ബന്ധുക്കള്‍ പറയുന്നത്. മേയ് 28 ന് കാണാതായെങ്കില്‍ പരാതി നല്‍കാന്‍ രണ്ടാഴ്ചയിലധികം വൈകിയതിന്റെ കാരണവും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE