ആമീനവധം: ആക്ഷൻ ചിത്രങ്ങൾ പ്രേരണ; ബട്ടൻസ് തുമ്പായി; കുട്ടിക്കൊലയാളിയെ കുടുക്കിയതിങ്ങനെ

amina-murder
SHARE

കോഴിക്കോട് അരക്കിണറില്‍ വയോധികയെ കൊലപ്പെടുത്താന്‍ പതിനാറുകാരന് പ്രേരണയായത് ആക്ഷന്‍ ചിത്രങ്ങളിലെ രംഗങ്ങള്‍. പൊലീസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചത് ഷര്‍ട്ടില്‍ നിന്നും തെറിച്ചുവീണ ബട്ടണ്‍സ്. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊല നടത്തിയതെങ്കിലും രീതി ആരെയും ആശങ്കപ്പെടുത്തുന്നതാണ്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിച്ചത് പരിചയ സമ്പന്നരായ കൊലയാളികള്‍ പിന്തുടരുന്ന രീതിയിലായിരുന്നു.  

പഠിക്കാന്‍ പിന്നാക്കമായിരുന്ന പതിനാറുകാരന് സിനിമ കാണുന്നതിനും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലുമായിരുന്നു കമ്പം. മൂന്ന് പുത്തന്‍ മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്നു. ആക്ഷന്‍ ചിത്രങ്ങളിലെ രംഗങ്ങള്‍ അഭിനയിച്ച് കാണിക്കുന്നതിനൊപ്പം സാഹസികമായി പലതും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് സുഹൃത്തുക്കളെ ഓര്‍മപ്പെടുത്തുമായിരുന്നു. ബന്ധുക്കളില്‍ നിന്ന് ചോദിച്ച് വാങ്ങുന്ന പണത്തിന് പുറമെ ചെറിയ രീതിയില്‍ കവര്‍ച്ചയുമുണ്ടായിരുന്നു. കൊല്ലപ്പെട്ട ആമിനയുടെ വീടിന് സമീപത്ത് കൂടി പലപ്പോഴും യാത്ര ചെയ്യുന്ന പതിനാറുകാരന്‍ പരിചയം മുതലെടുത്ത് ചെറിയ തുക ഇവരില്‍ നിന്ന് ചോദിച്ച് വാങ്ങിയിരുന്നു. 

കൊലപാതകമുണ്ടായ ദിവസം ഇരുപത് രൂപ ചോദിച്ചാണ് പതിനാറുകാരനെത്തിയത്. പണം നല്‍കാന്‍ ആമിന ബാഗ് തുറക്കുന്നതിനിടയില്‍ അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടുകള്‍ താഴെ വീണു. പിന്നീട് ബാഗ് തട്ടിപ്പറിച്ച് ഓടാനായിരുന്നു പതിനാറുകാരന്റെ ശ്രമം. ഇത് ആമിന ചെറുത്തതോടെ തള്ളിവീഴ്ത്തി കത്തിയെടുത്ത് കുത്തുകയായിരുന്നു. ആദ്യശ്രമത്തില്‍ കത്തി ഒടിഞ്ഞതിനാല്‍ അടുക്കളയിലെ മറ്റൊരു കത്തിയെടുത്താണ് കൊലപ്പെടുത്തിയത്. ആറ് വലിയ മുറിവുകളും ഒന്‍പത് െചറിയ മുറിവുകളുമാണ് ആമിനയുടെ ശരീരത്തിലുണ്ടായിരുന്നത്. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ ടെലിവിഷന്‍റെ ശബ്ദം കൂട്ടിയിരുന്നു. 

കൊലക്കു ശേഷം അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ കൈക്കലാക്കി കത്തി തുണിയില്‍ പൊതിഞ്ഞ് പതിനാറുകാരന്‍ രക്ഷപ്പെടുകയായിരുന്നു. വഴിയിലെ കുറ്റിക്കാട്ടില്‍ കത്തി വലിച്ചെറിഞ്ഞു. രക്തം പുരണ്ട വസ്ത്രങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വച്ച് ചാരമാക്കി. സ്വന്തം വീടിന്റെ മെത്തയുടെ അടിയിലായി സൂക്ഷിച്ചിരുന്ന പണം പുതുവസ്ത്രം വാങ്ങുന്നതിന് ചെലവാക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം ആമിനയുടെ വീടിന് സമീപത്ത് പലതവണ വന്നുപോയി. അടുത്തുള്ളവരോട് കാര്യം തിരക്കി സമയം ചെലവഴിക്കുകയും ചെയ്തു. 

ആമിനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഷര്‍ട്ടിലെ ബട്ടണാണ് തുമ്പുണ്ടാക്കിയത്. ബട്ടണ്‍ കുട്ടികള്‍ ധരിക്കുന്ന ഷര്‍ട്ടിന്റേതെന്ന് മനസിലാക്കിയ പൊലീസ് ഇവരുടെ വീടുമായി പരിചയമുള്ള കുട്ടികളിലേക്കും പരിചയക്കാരിലേക്കും അന്വേഷണമെത്തിച്ചു. കൊലപാതകം നടത്തിയ കുട്ടി പലപ്പോഴും ഇവിടെ വന്നുപോയിരുന്നതായി മനസിലാക്കിയ പൊലീസ് രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചു.

പതിനാറുകാരന്റെ ചലനങ്ങള്‍ നിരീക്ഷിച്ച് എല്ലാം അറിഞ്ഞുവെന്ന മട്ടില്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കൊലപാതകിയുടെ രീതി പൊലീസിന് മനസിലായത്. അരക്കിണര്‍ കൊലപാതകത്തിന് പിന്നില്‍ ആരും വിശ്വസിക്കാത്ത രഹസ്യമുണ്ടെന്ന് തെളിയിച്ചത് ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്. 

MORE IN Kuttapathram
SHOW MORE