ജസ്നയുടെ തിരോധാന‍ം: അന്വേഷണസംഘം വിപുലീകരിച്ചു; വിവരം നൽകുന്നവർക്ക് 5 ലക്ഷം

jesna
SHARE

കാഞ്ഞിരപ്പള്ളിയിലെ വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കുന്നു. ഐ.ജി. മനോജ് എബ്രഹാമിന് മേല്‍നോട്ടച്ചുമതല നല്‍കി അന്വേഷണസംഘം വിപുലീകരിച്ചു. കണ്ടെത്താന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്കുള്ള സമ്മാനത്തുക അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കി.

കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്ന എവിടേക്ക് പോയെന്നറിയാതെ വീട്ടുകാരും നാട്ടുകാരുമെല്ലാം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിലടക്കം തിരഞ്ഞെങ്കിലും പൊലീസിനും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് വീട്ടുകാരും വിവിധ സംഘടനകളുംപ്രതിഷേധ സ്വരമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘത്തെ വിപുലപ്പെടുത്താന്‍ ഡി.ജി.പി തീരുമാനിച്ചത്. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് മേല്‍നോട്ടച്ചുമതല. 

പത്തനംതിട്ട എസ്.പി ടി.നാരായണന്‍ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ തിരുവല്ല ഡിവൈ.എസ്.പി ആര്‍. ചന്ദ്രശേഖരപ്പിള്ള മുഖ്യ അന്വേഷണോദ്യോഗസ്ഥനായും മാറും. ഇവരുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തില്‍ ആറ് ഡിവൈ.എസ്.പിമാരും ഏഴ് സി.ഐമാരുമുണ്ട്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുവരെ അന്വേഷിച്ചിരുന്നത്. ജെസ്ന ബെംഗളൂരൂവിലുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ അവിടെപോയി തിരഞ്ഞെങ്കിലും പിന്നീട് കണ്ടെത്താനായില്ല. ഈ  മാര്‍ച്ച് 21നാണ് ജെസ്നയെ കാണാതായത്. 

കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് നേരത്തെ തന്നെ രണ്ട് ലക്ഷം രൂപ പൊലീസ് സമ്മാനം പ്രഖ്യാപിച്ചിരുന്നു. അത് അഞ്ച് ലക്ഷമായാണ് ഉയര്‍ത്തിയത്. വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈ.എസ്പിയുടെ ഓഫീസിലോ 9497990035 എന്ന നമ്പരിലോ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. വിവരം നല്‍ക്കുന്നവരുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചു.

MORE IN Kuttapathram
SHOW MORE