ലിഗയുടെ മരണം കൊലപാതകമല്ലെന്ന് നിഗമനം; ദുരൂഹത നീങ്ങുന്നില്ല

liga
SHARE

വിദേശ വനിത ലിഗയുടെ മരണം കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തിലോ ആന്തരിക അവയവങ്ങളിലോ പരിക്കുകളില്ല. വിഷം ഉള്ളില്‍ ചെന്നതാകാം മരണ കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമിന് ഡിജിപി നിര്‍ദേശം നല്‍കി.  അതേസമയം ഉന്നതല അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് സഹോദരി ഇലീസ് മനോരമ ന്യൂസിനോടു പറഞ്ഞു. 

ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം പരിശോധനകളുടെ പ്രാഥമിക ഫലത്തില്‍ ശരീരത്തിലോ ആന്തരായവങ്ങളിലോ മുറിവുകളോ പോറലുകളോ കണ്ടെത്തിയിട്ടില്ല. എല്ലുകളും യഥാസ്ഥാനത്താണ്. ഇതാണ് കൊലപാതകമല്ലെന്ന പൊലീസ് നിഗമനത്തിനു കാരണം. തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത് മൃതദേഹം ജീര്‍ണിച്ചതുകൊണ്ടാണെന്നും പൊലീസ് കരുതുന്നു. വിഷം ഉള്ളില്‍ ചെന്നാകാം മരണമെന്നും സംശയിക്കുന്നു.  മൃതദേഹം ലഭിച്ച കോവളത്തെ കണ്ടല്‍ക്കാട്ടിലും പരിസരത്തു നിന്നും അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ നാളെ പോസ്റ്റ്മോര്‍ട്ടം  റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഡി എന്‍ എ പരിശോധനാ ഫലവും വരാനുണ്ട്. അതേസമയം ലിഗയെ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സഹോദരി ഇലീസ് ആവശ്യപ്പെട്ടു.

പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ മൃതദേഹം സ്വദേശമായ ലാത്വിയയിലേയ്ക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ എല്ലാം സഹായങ്ങളും നല്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. അടിയന്തരസഹായമായി അഞ്ചുലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

MORE IN Kuttapathram
SHOW MORE