ലിഗയെ തിരഞ്ഞ് ഭർത്താവും സഹോദരിയും കേരളപര്യടനത്തിൽ

leega-missing1
SHARE

കോവളത്തു നിന്ന് കാണാതായ വിദേശ വനിതയെ തിരഞ്ഞ് ഭര്‍ത്താവും, സഹോദരിയും കേരളപര്യടനത്തില്‍. ലിത്വേനിയ സ്വദേശിനിയായ ലിഗയെ അന്വേഷിച്ചാണ് ഭര്‍ത്തവ് ആന്‍ഡ്രൂസും, സഹോദരി ഇലീസും കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കുന്നത്. ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ പാതയോരത്ത് പതിപ്പിച്ചാണ് യാത്ര. കഴിഞ്ഞ മാസം പതിന്നാലിനാണ് ലിഗയെ കാണാതായത്.

സംസ്ഥാനാതിര്‍ത്തിയായ മഞ്ചേശ്വരത്തു നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. ഭാര്യ നഷ്ടപ്പെട്ടതോടെ മനോനില തെറ്റിയ അന്‍ഡ്രൂ അധികമൊന്നും സംസാരിക്കില്ല. ലിഗയുടെ സഹോദരി ഇലീസാണ് എല്ലാവരേടും കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നാലാളുകൂടുന്നിടത്തെല്ലാം ലിഗയുടെ ചിത്രമുള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ ഇരുവരും ചേര്‍ന്ന് പതിപ്പിക്കും. കാര്യം തിരക്കുന്നവരോട് ചുരുങ്ങിയ വാക്കുകളില്‍ വിശദികരണം. സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും സഹോദരിയെ അന്വേഷിക്കാനാണ് തീരുമാനമെന്ന് ഇലീസ മനോരമ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം വാഴമുട്ടത്ത് സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലീഗയുടേതാകാമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ പരിശോധന അടക്കം നടത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു.

കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടല്‍കാട്ടിനുള്ളിലാണ് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം കണ്ടത്.  ശരീരത്തില്‍ നിന്ന് തലയോട്ടി വേര്‍പ്പെട്ട  മൃതദേഹം കാട്ട് വള്ളികളില്‍ കുടുങ്ങിയ നിലയിലാണ്. മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.

വിദേശികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് മൃതദേഹത്തിലും കാണുന്നത്. ഇതാണ് മൃതദേഹം ലീഗയുടേതാകാമെന്ന സംശയത്തിന്റെ പ്രധാനകാരണം. ആയൂര്‍വേദ ചികിത്സക്കെത്തിയ ലീഗ ഒരു മാസം മുന്‍പ് കാണാതായതും കോവളത്ത് നിന്നാണ്. മൃതദേഹത്തിന്റെ പഴക്കം ഒരു മാസമാണെന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തിയാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാവു. ഇതിന് മുന്നോടിയായി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിമരുന്ന ഉപയോഗിക്കുന്നവരുടെ താവളമാണെന്ന് ആക്ഷേപമുണ്ട്.

MORE IN Kuttapathram
SHOW MORE