ആ മൃതദേഹം ലീഗയുടേതോ? ഡിഎന്‍എ പരിശോധനയ്ക്കൊരുങ്ങി പൊലീസ്

liga-group
SHARE

തിരുവനന്തപുരം വാഴമുട്ടത്ത് സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലീഗയുടേതാകാമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ പരിശോധന അടക്കം നടത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു.

കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടല്‍കാട്ടിനുള്ളിലാണ് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം കണ്ടത്.  ശരീരത്തില്‍ നിന്ന് തലയോട്ടി വേര്‍പ്പെട്ട  മൃതദേഹം കാട്ട് വള്ളികളില്‍ കുടുങ്ങിയ നിലയിലാണ്. മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.

വിദേശികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് മൃതദേഹത്തിലും കാണുന്നത്. ഇതാണ് മൃതദേഹം ലീഗയുടേതാകാമെന്ന സംശയത്തിന്റെ പ്രധാനകാരണം. ആയൂര്‍വേദ ചികിത്സക്കെത്തിയ ലീഗ ഒരു മാസം മുന്‍പ് കാണാതായതും കോവളത്ത് നിന്നാണ്. മൃതദേഹത്തിന്റെ പഴക്കം ഒരു മാസമാണെന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തിയാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാവു. ഇതിന് മുന്നോടിയായി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിമരുന്ന ഉപയോഗിക്കുന്നവരുടെ താവളമാണെന്ന് ആക്ഷേപമുണ്ട്.

പ്രദേശത്ത് നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും ഇവിടെ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചിരുന്നു.

MORE IN Kuttapathram
SHOW MORE