റേഡിയോ ജോക്കി വധം: അപ്പുണ്ണിയുടേത് ‘ദൃശ്യം’ ഫോൺ പ്രയോഗം, അതുക്കും മീതെ പൊലീസ് ബുദ്ധി

appunni-arrest
SHARE

തിരുവനന്തപുരം കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അപ്പുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താറാണെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഒളിവില്‍ കഴിയുന്നതിനിടെ ഒരു ലക്ഷം രൂപ സത്താര്‍ അപ്പുണ്ണിക്ക് ബാങ്കിലിട്ട് നല്‍കി. വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നതായും അപ്പുണ്ണി മൊഴി നല്‍കി. അതേസമയം ദൃശ്യം മോഡലില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് അപ്പുണ്ണി രണ്ടാഴ്ചയോളം പൊലീസിനെ വട്ടംകറക്കിയത്.

രാജേഷിനെ വെട്ടിക്കൊന്നത് മുഖ്യപ്രതിയായ അലിഭായിയും തന്‍സീറും അപ്പുണ്ണിയും ചേര്‍ന്നാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.  കൊലയ്ക്ക് ശേഷം 20 ദിവസത്തോളം വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞശേഷമാണ് അപ്പുണ്ണി പൊലീസിന്റെ പിടിയിലായത്. ഇത്രയും ദിവസം ഒളിവില്‍ കഴിയാനും യാത്ര ചെയ്യാനും ആവശ്യമായ മുഴുവന്‍ പണവും അപ്പുണ്ണിക്ക് നല്‍കിയത് ഖത്തറിലെ വ്യവസായിയായ അബ്ദുള്‍ സത്താറാണ്. നാല് തവണയായി ഒരു ലക്ഷം രൂപ സത്താര്‍ അപ്പുണ്ണിക്ക് നല്‍കി. 

അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടുനല്‍കിയത്. സത്താറിന്റെ മുന്‍ഭാര്യയും രാജേഷും തമ്മിലുള്ള ബന്ധത്തിലെ വൈരാഗ്യം മൂലം സത്താറാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന പൊലീസിന്റെ കണ്ടെത്തലിന് ബലം നല്‍കുന്നതാണ് പണം നല്‍കി സഹായിച്ചതിന്റെ രേഖകള്‍. പണത്തിന് പുറമെ വിദേശത്തെ ജോലിയുമായിരുന്നു ക്വട്ടേഷനുള്ള പ്രതിഫലമെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ട്. ചെന്നൈ, പുതുച്ചേരി, കൊടൈക്കനാല്‍, രാമേശ്വരം, മധുര തുടങ്ങി പത്തിലേറെ സ്ഥലങ്ങളിലാണ് അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞത്. 

ഇത്രയും ദിവസം ഒളിവില്‍ കഴിയാന്‍ ദൃശ്യത്തില്‍ മോഹന്‍ലാല്‍ പൊലിസിനെ വഴിതെറ്റിക്കുന്ന വിദ്യ അപ്പുണ്ണി പ്രയോഗിച്ചു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് തൊട്ട് മുന്‍പ് അപ്പുണ്ണി ആവശ്യമുള്ളവരെ ഫോണ്‍ വിളിക്കും. അതിന് ശേഷം  മൊബൈല്‍ തൊട്ടടുത്ത് കാണുന്ന ലോറിയുടെ പിറകില്‍ ഉപേക്ഷിക്കും. ലോറിക്കൊപ്പം മൊബൈലും യാത്രയാകുന്നതോടെ അപ്പുണ്ണിയുടെ മൊബൈല്‍ ടവര്‍ നിരീക്ഷിക്കുന്ന പൊലീസിന് ലഭിക്കുന്നത് മറ്റ് പല സ്ഥലങ്ങളുമാവും. ഇത് മനസിലാക്കിയ പൊലീസ് വിരിച്ച വലയിലാണ് അപ്പുണ്ണി കുടുങ്ങിയത്. 

MORE IN Kuttapathram
SHOW MORE