ലഹരി മരുന്നായി വേദന സംഹാരി ഗുളികകൾ; ആവശ്യക്കാരിൽ കൂടുതലും വിദ്യാർഥികൾ

drugs
SHARE

കാസര്‍കോട് ജില്ലയില്‍ വേദനസംഹാരി ഗുളികകള്‍ ലഹരി മരുന്നായി ഉപയോഗിക്കുന്നു. വിദ്യാര്‍ഥികളാണ് ഇത്തരം ഗുളികകളുടെ പ്രധാന ആവശ്യക്കാര്‍. ജില്ലയിലെ വിവിധ അലോപ്പതി മരുന്നു കടകള്‍ കേന്ദ്രീകരിച്ചാണ് വില്‍പന.  

ജില്ലയിലെ വിദ്യാർഥികൾക്കിടയില്‍ വേദന സംഹാരി ഗുളികകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതിന്റെ വിവരങ്ങള്‍ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്  ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ അലോപ്പതി മരുന്നു കടകള്‍ നിരീക്ഷണത്തിലായിരുന്നു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ബേക്കലിലെ  ഫോര്‍ട്ട് മെഡിക്കല്‍ ഷോപ്പില്‍ പരിശോധന നടത്തിയത്. അനധികൃതമായി വിൽപനയ്ക്കു വച്ച രണ്ടു തരം ഗുളികകൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. ന്യൂറോ വേദന സംഹാരിയാണ് പ്രധാനമായും വില്‍പന നടത്തിയിരുന്നത്. ഇതിനൊപ്പം ലൈംഗിക ഉത്തേജക മരുന്നും പിടികൂടി. നിര്‍ബന്ധമായും ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്‍പന നടത്തേണ്ട മരുന്നുകള്‍ വിദ്യാര്‍ഥികള്‍ക്ക് യഥേഷ്ടം നല്‍കിയിരുന്നു അതും നാലിരട്ടി വിലയ്ക്ക്. മരുന്നുകളില്‍ രേഖപ്പെടുത്തിയിരുന്ന വില മായ്ച്ചുകളാഞ്ഞായിരുന്നു തട്ടിപ്പ്.

സ്ഥാപനത്തിന്റെ ഉടമ മധുസൂദനനെതിരെ ഡ്രഗ് കൺട്രോൾ വിഭാഗം േകസെടുത്തു. ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിളെക്കുറിച്ചാണ് ആലോചന. പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു മരുന്നുകളുടെ പ്രധാന ആവശ്യക്കാരെന്ന് അന്വേഷണത്തില്‍‍ വ്യക്തമായി. വേദന സംഹാരി ഗുളികകള്‍ ഏതെങ്കിലും പാനിയത്തിൽ കലർത്തിയാണ് ഉപയോഗിക്കുന്നത്. ദീര്‍ഘനേരം ലഹരി ലഭിക്കുമെന്നതും, ഉപയോഗിച്ചത് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കില്ല എന്നതും ഇത്തരം ഗുളികകളെ വിദ്യാര്‍ഥികള്‍ക്ക് പ്രിയ്യപ്പെട്ടതാക്കുന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ മരുന്നുകടകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ തീരുമാനം. 

അതേസമയം ജില്ലയിലെ ലഹരി മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസും.  അടുത്തകാലത്തായി വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലഹരിക്ക് അടിമകളായ വിദ്യാര്‍തികളെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും, പ്രചാരണങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതായുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ്‌ നടപടികള്‍ ശക്തമാക്കിയത്. ഏതെങ്കിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ പോലീസിന് വിവരം നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.  സ്കൂള്‍ പരിസരങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടൊയെന്ന് രഹസ്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തും.

MORE IN kuttapathram
SHOW MORE