മറയൂരില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയിൽ

sandalwood-theft
SHARE

ഇടുക്കി മറയൂരില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച നാല് പേര്‍ വനംവകുപ്പിന്‍റെ പിടിയിലായി. 25 കിലോ ചന്ദനവും ഇത് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഓട്ടോയില്‍ രഹസ്യ അറ നിര്‍മിച്ചാണ് സംഘം ചന്ദനം കടത്തിയിരുന്നത്. 

മറയൂര്‍ പ്രിയദര്‍ശനി കോളനിയില്‍ മണി, സുരേഷ്, അന്‍പത് വീട് കോളനിയിലെ താമസക്കാരായ രാജ, വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. മറയൂരില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ആറ് ചന്ദനമരങ്ങളാണ് മോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്. മോഷണം പതിവായതോടെ വനംവകുപ്പ് പരിശോധനയും രാത്രികാല റോന്തും കര്‍ശനമാക്കി. നാച്ചിവയല്‍ മേഖലയില്‍ രാത്രിയില്‍ വാഹനപരിശോധനക്കിടെയാണ് നാലു പേര്‍ പിടിയിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നി വനപാലകര്‍ നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച 25 കിലോ ചന്ദനം കണ്ടെത്തി. ചെറുകഷ്ണങ്ങളാക്കിയ ചന്ദനം തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ മാസം പയസ് നഗര്‍ ഫോറസ്റ്റ് സ്റ്റേഷന് പിന്‍ഭാഗത്ത് നിന്ന് മുറിച്ചെടുത്ത ചന്ദനമാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രതികളെ മരം മുറിച്ച സ്ഥലതെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചു. മറയൂരിലെ രഹസ്യകേന്ദ്രത്തില്‍ മോഷ്ടിച്ച ചന്ദനമരങ്ങള്‍ സൂക്ഷിച്ചതായാണ് വിവരം. ഈ രഹസ്യ കേന്ദ്രം കണ്ടെത്താനും സംഘത്തിലെ മറ്റു കണ്ണികളെ പിടികൂടാനുമുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പിടിയിലായ രാജയും സുരേഷും നിരവധി ചന്ദനമോഷണ കേസില്‍ പ്രതികളാണ്. 

MORE IN LOCAL CORRESPONDENT
SHOW MORE