കൊച്ചിയെ നടുക്കിയ കവർച്ച; മൂന്നു പേർ ഡൽഹിയിൽ അറസ്റ്റിൽ

kochi-robbery
SHARE

തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം ആഭരണവും പണവും കൊള്ളയടിച്ചക്കേസിൽ മൂന്നു പേർ അറസ്റ്റിൽ. ഇതര സംസ്ഥാനക്കാരായ മൂവരെയും ഡൽഹിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റിലായവരെ ഞായറാഴ്ച്ച കേരളത്തിലെത്തിക്കും. 

തൃപ്പൂണിത്തുറ എരൂർ സൗത്തില്‍ താമസിക്കുന്ന ആനന്ദകുമാറിനെയും കുടുംബത്തെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് പിടികൂടിയത്. ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം മൂവരെയും അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത ആഭരണങ്ങളിലൊരു പങ്കും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞമാസം 16നാണ് നഗരത്തെ ഞെട്ടിച്ച കവർച്ച നടന്നത്. പുലർച്ചെ രണ്ടു മണിയോടെ വീടിന്റെ മുൻഭാഗത്തെ ജനൽ തകർത്ത് അകത്തു കടന്ന  കവർച്ചാസംഘം വീട്ടിലുണ്ടായിരുന്നവരെയെല്ലാം കെട്ടിയിട്ട് മർദിച്ചു. ചെറുത്തുനിൽപ്പിന് ശ്രമിച്ച ഗ്യഹനാഥനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചു. 54 പവൻ സ്വർണ്ണത്തിന് പുറമേ  ഇരുപതിനായിരം രൂപയും, നാലു മൊബൈൽ ഫോണും, എടിഎം കാർഡ് ഉൾപ്പെട്ട പേഴ്സുകളും കൊള്ളയടിച്ചു. 

തൊട്ടുതലേന്ന് പുല്ലേപ്പടിയിൽ വൃദ്ധദമ്പതികള്‍ താമസിച്ച വീട്ടിലും സമാനമായ വിധത്തില്‍ കവർച്ച നടന്നിരുന്നു. തുടർച്ചയായി ഉണ്ടായ കവർച്ചകള്‍ പൊലീസിന് തലവേദനയായിരിക്കെയാണ് ഇപ്പോൾ മൂന്നു പ്രതികളെയെങ്കിലും പിടികൂടാൻ കഴിഞ്ഞത്. തൃപ്പൂണിത്തുറയിൽ കവർച്ചക്ക് എത്തിയ സംഘത്തിൽ 11 പേരാണ് ഉള്ളതെന്ന് വ്യക്തമായിരുന്നു.   

MORE IN LOCAL CORRESPONDENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.