മന്ത്രി എം.എം.മണിയുടെ സഹോദരന്റെ മരണ‍ം; ഒരാൾ കസ്റ്റഡിയിൽ

Thumb Image
SHARE

മന്ത്രി എം.എം.മണിയുടെ സഹോദരൻ സനകന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. സനകനെ ഇടിച്ച കാറിന്റെ ഡ്രൈവറായ ഉപ്പുതോട് സ്വദേശിയെയാണ് അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഉപ്പുതോട് സ്വദേശി എബി ജോസഫാണ് അടിമാലി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. എബി ഓടിച്ചിരുന്ന കാറാണ് മന്ത്രിയുടെ സഹോദരൻ സനകനെ ഒക്ടോബർ ആറിന് അടിമാലിയിൽ ഇടിച്ചത്. ഈ സംഭവം നടന്ന് പിറ്റേന്നാണ് അവശനിലയിൽ വെള്ളത്തൂവൽ കുത്തുപാറയിൽ പാതയോരത്ത് സനകനെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡി ക്കൽ കോളേജിൽ ചികിത്സക്കിടെ സനകൻ മരിച്ചു. സനകന്റെ മരണവും വാഹനപകടവുമായി ബന്ധമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാഴ്ച മുമ്പാണ് ജില്ലാ പൊലീസ് മേധാവിക്കും മന്ത്രി എം.എം.മണിക്കും ഊമക്കത്ത് ലഭിച്ചത്. അപകടം നടക്കുമ്പോൾ സമീപത്തെ തട്ടുകടയിലുണ്ടായിരുന്ന വ്യക്തിയാണ് കത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി. 

ഇതിന്റെ ഭാഗമായാണ് അന്വേഷണം ഊർജിതമാക്കിയത്. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലും മൂന്നാർ ഡിവൈഎസ്പിയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എബിയെ അടിമാലി സിഐ ഓഫീസിന് കൈമാറിയത്. ഒക്ടോബർ ആറിന് രാത്രി ഒൻപത് മണിക്കാണ് സനകനെ എബിയുടെ കാർ തട്ടിയത്. തുടർന്ന് ഇതെ കാറിൽതന്നെ സനകനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചതായി എബി ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു. ഇവിടെ നിന്ന് മടങ്ങിയ സനകൻ എങ്ങനെ പതിനഞ്ച് കിലോമീറ്റർ അകലെ കുത്തുപാറയിൽ എത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഊമക്കത്ത് ലഭിച്ചത്. കത്തിൽ പറയുന്ന കാര്യങ്ങളിൽ വാസ്തവമുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. 

MORE IN LOCAL CORRESPONDENT
SHOW MORE