
കേരള ബാങ്ക് ഭരണസമിതി അംഗമായതിൽ ആക്ഷേപം ഉന്നയിച്ച യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹന് മറുപടിയുമായി പി.അബ്ദുൽ ഹമീദ് എംഎൽഎ. കേസ് നടത്താന്‍ വേണ്ടി യു.ഡി.എഫ് പിരിച്ച തുകയുടെ കണക്ക് ബോധിപ്പിക്കണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
പി.ടി. അജയ്മോഹന്‍റെ പ്രതികരണം അനവസരത്തിലായന്ന ആക്ഷേപവുമായി യുഡിഎഫ് ജില്ല കൺവീനർ അഷ്റഫ് കോക്കൂരും രംഗത്തെത്തി. പി. അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയ തീരുമാനത്തിൽ നിന്ന് ലീഗ് പിന്നോട്ട് പോകില്ലെന്നാണ് സൂചന.
യുഡിഎഫ് ചെയർമാൻ പി.ടി.അജയ്മോഹൻ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്നാണ് പി. അബ്ദുൽ ഹമീദ് എംഎല്‍എ മറുപടി പറഞ്ഞത്. പട്ടിക്കാട് സഹകരണ ബാങ്ക് വക്കാലത്ത് ഒപ്പിട്ടു കൊടുത്തിട്ടുണ്ട്, പണവും നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ നിലക്കും താനും സഹകരിച്ചു വരികയാണന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയർമാന്റെ പ്രതിഷേധം അനവസരത്തിലായിപ്പോയെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ പറഞ്ഞു.
അതേസമയം നൂറു കണക്കിന് സഹകരണ സ്ഥാപനങ്ങളുള്ള മുസ്ലീം ലീഗിന് കേരള ബാങ്കിൽ ഒരു ഭരണ സമിതി അംഗമുള്ളത് ഏറെ ഗുണം ചെയ്യുമെന്നാണ് നേതൃത്തിന്‍റെ അഭിപ്രായം. അതുകൊണ്ടുതന്നെ കയ്യിൽ കിട്ടിയ ഡയറക്ടർ പദവി വിട്ടുകൊടുക്കാൻ ലീഗ് നേതൃത്വം തയാറാവില്ല.
P. Abdul Hameed MLA's reply to Ajay Mohan on Kerala Bank issue.