
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കാതെ പുതിയ കെട്ടിടങ്ങള്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായതായി മന്ത്രി വി. അബ്ദുറഹിമാന്‍ മനോരമ ന്യൂസിനോട്. അഞ്ച് ഉടമകളില്‍ നിന്ന് ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ഒരാഴ്ചക്കുളളില്‍ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാനാവുമെന്നാണ് പ്രതീക്ഷ. വരുന്ന ബജറ്റില്‍ പൊതുമരാമത്ത് ഫണ്ട് വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.
ഒന്നാംഘട്ടമായി ഏറ്റെടുക്കാനുളള 20 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഭൂമി ഏറ്റെടുപ്പ് രണ്ടാഴ്ച വൈകുന്നതിന്‍റെ കാരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കൈമാറുന്നുണ്ട്. റോഡ് നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഇല്ലാതെ പരിഹാരമുണ്ടാക്കും.