
സി.പി.എം നിയന്ത്രിക്കുന്ന തൊടുപുഴ കുമാരമംഗലം സർവീസ് സഹകരണ ബാങ്കിൽ പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകർ. പണം തിരികെ ചോദിക്കുമ്പോൾ അധികൃതർ കൈമലർത്തുകയാണെന്നാണ് പരാതി. സാമ്പത്തിക ക്രമക്കേടുകൾ കാരണം ബാങ്ക് തകർന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.
ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ വെട്ടിലായത്. പണം തിരികെ നൽകുന്നതിൽ ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ വഴിവിട്ട് വായ്പകൾ നൽകി എന്നാണ് യു ഡി എഫ് ആരോപണം. 31 കോടി രൂപ വായ്പയും 39 കോടിയുടെ നിക്ഷേപവുമാണ് ബാങ്കിനുള്ളത്.
പ്രതിസന്ധി താൽക്കാലികമാണെന്നും പരിഹരിക്കാൻ നടപടികൾ തുടങ്ങിയെന്നുമാണ് ബാങ്ക് വിശദീകരിക്കുന്നത്. ബാങ്ക് തകർച്ചയുടെ വക്കിലെത്തിയെന്ന് കേട്ടതോടെ നിക്ഷേപകരാകെ ആശങ്കയിലാണ്. എൽഡിഎഫ് ഭരണ സമിതി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രതിഷേധിച്ചു.