
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട 284 കോടി വൈകുന്നതിനാല്‍ പുതിയ ധനസമാഹരണ മാര്‍ഗങ്ങള്‍ തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഉച്ചഭക്ഷണ – പ്രഭാതഭക്ഷണ പദ്ധതികളില്‍ സംഭാവനകള്‍ കൂടുതല്‍ സമാഹരിക്കാനുള്ള ആക്ഷന്‍പ്ളാന്‍ തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേസമയം കുടിശിക തുക നല്‍കാനായി സംസ്ഥാനം 81 കോടി അനുവദിച്ചിട്ടും അത് പ്രധാന അധ്യാപകര്‍ക്ക് കൈമാറാന്‍ കുറഞ്ഞത് പത്തുദിവസമെങ്കിലും ഇനിയും എടുത്തേക്കും.
2023-24 ആധ്യയന വര്‍ഷം സ്കൂള്‍ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്‍കേണ്ട 284.31 കോടി ഉടന്‍കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് വ്യക്തികള്‍, സന്നദ്ധസംഘടനകള്‍, വ്യവസായ–വാണിജ്യസ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് എന്നിവ കൂടുതലായി സമാഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുക, പ്രഭാതഭക്ഷണ പദ്ധതി വിപുലമാക്കുക എന്നിവയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച ആക്ഷന്‍പ്ളാന്‍തയാറാക്കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. അതേസമയം 81.57 കോടി രൂപ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉച്ചഭക്ഷണ തുകയുടെ അകൗണ്ടിലേക്ക് മാറ്റി എന്ന് പറയുമ്പോഴും ഇത് പ്രധാന അധ്യാപകരിലേക്ക് എത്താന്‍ കുറഞ്ഞത് പത്തുദിവസമെടുക്കും.
ജൂണ്‍, ജൂലൈ മാസത്തെ കുടിശ്ശികയാണ് ഇത്തരത്തില്‍നല്‍കാന്‍ശ്രമിക്കുന്നത്. അതേസമയം ഓഗസ്റ്റില്‍ ഉച്ചഭക്ഷണത്തിന് ചെലവായ തുക എപ്പോള്‍നല്‍കാനാവും എന്നതില്‍വ്യക്തതയില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്‍റോള്‍മെന്‍റുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്ത വരുത്താന്‍ നടപടി എടുക്കുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. 12,040 സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം സംബന്ധിച്ചുള്ള മുഴുവന്‍ കണക്കുകളും കുട്ടികളുടെ എണ്ണവും കൃത്യമായി നല്‍കാതെ പണം നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.