
തൃശൂരിലെ കൊള്ളപ്പലിശക്കാരന്‍ പി സതീഷ് കുമാറിന്‍റെ സാമ്പത്തിക ഇടപാടുകളുടെ വേരുകള്‍ തേടി ഇ.ഡി ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. സി.പി.എം. സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുള്ള സതീഷ് കുമാറിന്‍റെ അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന് രേഖകള്‍ സഹിതം മനോരമ ന്യൂസ് പുറത്തുവിട്ട അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചു.
കൊള്ളപലിശക്കാരന്‍ പി സതീഷ് കുമാറിന്‍റെ കൈവശം കുമിഞ്ഞുകൂടിയത് രാഷ്ട്രീയ നേതാക്കളുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ബിസിനസുകാരുടേയും കള്ളപ്പണമായിരുന്നു. ഇതെല്ലാം, പലിശയ്ക്കു നല്‍കിയും വായ്പ മാറ്റിവയ്ക്കല്‍ ഇടപാടിലൂടെയും സതീഷ് കുമാര്‍ വെളുപ്പിച്ചു. അയ്യന്തോള്‍, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളിലായി വന്‍തുക വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തി. സതീഷ് കുമാറിന്‍റേയും കുടുംബാംഗങ്ങളുടേയും പേരുകളിലുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ഇ.ഡി പരിശോധിച്ചു. സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സതീഷ് കുമാറിന് അക്കൗണ്ടുണ്ട്. ഇതര ബാങ്കുകളില്‍ മുടങ്ങിക്കിടക്കുന്ന വായ്പകള്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് പി സതീഷ് കുമാര്‍ മാറ്റിയിരുന്നു. ഇത്തരം ഇടപാടുകളും ഇ.ഡി പരിശോധിച്ചു വരികയാണ്.
സതീഷ് കുമാറും എം.കെ കണ്ണനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇ.ഡിയുടെ കൈവശമുണ്ട്. സഹകരണ സംഘങ്ങളില്‍ കാഷായി പണം വന്‍ തോതില്‍ സതീഷ് കുമാര്‍ നിക്ഷേപിച്ചത് കുറ്റകരമാണ്. ഇതിന് ആരെല്ലാം ഒത്താശ ചെയ്തു? സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതി അംഗങ്ങളില്‍ ആരാണ് സതീഷ് കുമാറിനെ സഹായിച്ചത്? ഇക്കാര്യങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. സതീഷ് കുമാറിന്‍റെ ഭൂമി ഇടപാടുകള്‍ക്ക് ഇടനിലനിന്ന മൂന്ന് ആധാരം എഴുത്തുകാരുടെ ഓഫിസുകളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സതീഷ് കുമാറിന്‍റെ ബിസിനസ് പങ്കാളിയായ എസ്.ടി ജ്വല്ലറി ഉടമ സുനില്‍കുമാറിന്റെ ഓഫിസിലും പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളില്‍ കൂട്ടാളിയായ പെരിങ്ങോട്ടുകര സ്വദേശി അനില്‍കുമാറിന്റെ വീട്ടിലും ഇഡിയെത്തി.
Karuvannur Bank case; Ed raids banks in Thrissur