
മുക്കാൽ ലക്ഷം രൂപയുടെ ഐഫോൺ താമരശ്ശേരി ചുരത്തിൽ വച്ച് കുരങ്ങൻ എടുത്ത് കൊക്കയിലേക്ക് എറിഞ്ഞാൽ എന്ത് ചെയ്യും? ഒരുകൂട്ടം യുവാക്കൾ ചെയ്തത് വയനാട് കൽപ്പറ്റ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയാണ്. പിന്നീട് എന്ത് സംഭവിച്ചു എന്ന് കാണാം.
വാനരൻമാര് വിളയാടുന്നിടമാണ് താമരശ്ശേരി ചുരം. വാഹനം നിർത്താനോ ഇവയ്ക്ക് തീറ്റ കൊടുക്കാനോ പാടില്ലെന്നാണ് നിയമമെങ്കിലും ചുരം കേറിയെത്തുന്ന സഞ്ചാരികൾ അത് കാര്യമാക്കാറില്ല. കഴിഞ്ഞദിവസം കോഴിക്കോട് പെരുമണ്ണ സ്വദേശി ജാസിമും കൂട്ടുകാരും യാത്ര ചെയ്ത വാഹനത്തിൽ നിന്നാണ് കുരങ്ങൻ ഫോൺ തട്ടിപ്പറിച്ചത്. നേരെ കൊക്കയിലേക്ക് ഒറ്റയേറ്. നിസ്സഹായരായ യുവാക്കൾ സഹായത്തിനായി വിളിച്ചത് കൽപ്പറ്റ ഫയർഫോഴ്സിനെ. ഉടൻതന്നെ സംഘം സ്ഥലത്തെത്തി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ റെസ്ക്യൂ റോപ്പ് ഉപയോഗിച്ച് കൊക്കയിലിറങ്ങി. കുരങ്ങൻ എറിഞ്ഞു കളഞ്ഞ ഫോണിലേക്ക് കൂടെയുണ്ടായിരുന്നവർ വിളിച്ചു. റിങ്ടോൺ പിന്തുടർന്ന് ഫോൺ കണ്ടെത്തി. മിഷൻ സക്സസ്. മഴപെയ്തു തെന്നിക്കിടന്ന് പ്രതലത്തിലൂടെ സാഹസികമായാണ് ഐഫോൺ റെസ്ക്യൂ ഓപ്പറേഷൻ നടത്തിയത്. ഫോൺ തിരിച്ച് കിട്ടിയതോടെ ജാസിമും കൂട്ടുകാരും ഹാപ്പി.