വി.ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണം; സംഘത്തെ തിങ്കളാഴ്ച തീരുമാനിക്കും

vd satheesan vigilance 1006
SHARE

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പ്രാഥമികാന്വേഷണം നടത്താനുള്ള സംഘത്തെ വിജിലന്‍സ് തിങ്കളാഴ്ച തീരുമാനിക്കും. തിരുവനന്തപുരം യൂണിറ്റ് തന്നെ പ്രാഥമികാന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. പുനർജനിക്കായി സതീശൻ നടത്തിയ പണപ്പിരിവ് നിയമാനുസൃതമാണോ, പണം ചെലവഴിച്ചതിൽ ക്രമക്കേട് ഉണ്ടോ, അനുമതി വാങ്ങാതെയായിരുന്നോ വിദേശ യാത്രകൾ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും.

തിങ്കളാഴ്ച പ്രത്യേക യോഗം ചേര്‍ന്ന ശേഷമായിരിക്കും അന്വേഷണസംഘത്തെ തീരുമാനിക്കുക. പരാതിയില്‍ വസ്തുതാ പരിശോധന നടത്തിയത് വിജിലന്‍സ് പ്രത്യേക യൂണിറ്റ് രണ്ടായിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു തുടരന്വേഷണ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്. പ്രാഥമികാന്വേഷണവും ഈ യൂണിറ്റ് തന്നെ നടത്തിയേക്കുമെന്നാണ് സൂചന. 

പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് പരാതി. എറണാകുളം യൂണിറ്റിന്‍റെ കീഴില്‍ വരുന്നതിനാല്‍ കൊച്ചി യൂണിറ്റ് അന്വേഷിക്കണമോ, പ്രത്യേക സംഘത്തെ നിയോഗിക്കണമോയെന്നതിലും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമായിരിക്കും തീരുമാനം എടുക്കുക. അതേസമയം വിജിലൻസ് അന്വേഷണം നിയമപരമായി നിലനിൽക്കുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വിദേശ പണം സമാഹരിക്കുകയും ചെലവഴിക്കുകയും ചെയ്തപ്പോൾ സർക്കാരിന് നഷ്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിലെ പണമല്ല വി.ഡി. സതീശൻ ചെലവഴിച്ചത്. സർക്കാർ പണം ചെലവാക്കുന്നതിൽ ക്രമക്കേടു നടന്നാലേ വിജിലൻസിനു കേസെടുക്കാൻ സാധിക്കൂ. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചശേഷമാണ് തുടരന്വേഷണാനുമതി തേടിയതെന്നാണ് വിജിലന്‍സ് വിശദീകരണം.

Vigilance investigation against VD Satheesan; team will be decided on Monday

MORE IN KERALA
SHOW MORE