‘മക്കളെ എന്തിനാണു കൊന്നത്?; എനിക്കവരെ കാണണ്ട’; നെഞ്ചുപൊട്ടി കരഞ്ഞ് സുനില്‍

sreeja-sunil
ശ്രീജയുടെ ആദ്യ ഭർത്താവ് സുനിൽ (ഇടത്), ശ്രീജയും രണ്ടാം ഭർത്താവ് ഷാജിയും (വലത്).
SHARE

‘ഈ രൂപത്തിൽ ഞാനെങ്ങനെയാണ് അവരെ കാണുക? എനിക്കവരെ കാണണ്ട.’ പാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ തറവാട്ടു വീട്ടിനു മുന്നിലിരുന്നു വിതുമ്പി, വെമ്പിരിഞ്ഞൻ സുനിൽ പറഞ്ഞു. 12 വർഷം മുൻപായിരുന്നു സുനിലിന്റെയും ശ്രീജയുടെയും പ്രേമവിവാഹം.‘ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷാജിയുമായുള്ള ബന്ധത്തിനു ശേഷമാണു പ്രശ്നങ്ങളുടെ തുടക്കം. മറ്റൊന്നും ഞങ്ങൾക്കിടയിലില്ല. മക്കളെയും കൂട്ടി, തിങ്കളാഴ്ച ഓട്ടോറിക്ഷയിൽ ശ്രീജ ചെങ്കൽപ്പണയിൽ വന്നിരുന്നു. അന്നാണ് അവരെ അവസാനമായി കണ്ടത്. താനും മക്കളും മരിക്കുമെന്ന് അവൾ അന്നു പറഞ്ഞിരുന്നു. 3 മക്കളെയും ഞാൻ നോക്കാമെന്നും നിങ്ങൾ രണ്ടാളും എവിടെ വേണമെങ്കിലും പോയി ജീവിച്ചോളൂ എന്നും ഞാൻ ശ്രീജയോടു പറഞ്ഞു. ഒന്നു ശ്രദ്ധിക്കണമെന്നു സുഹൃത്തുക്കളോടും പൊലീസിനോടും പറയുകയും ചെയ്തിരുന്നു.

വാച്ചാലിലെ വീടിനു പ്രധാൻമന്ത്രി ആവാസ് യോജനയിൽ നിന്നും പട്ടികജാതി വികസന വകുപ്പിൽ നിന്നുമായി 4.50 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്റെ സമ്പാദ്യവും ചെലവഴിച്ചിട്ടുണ്ട്. നിർമാണത്തിലിരിക്കെ, 6–7വർഷം മുൻപു തന്നെ ഞങ്ങൾ അവിടെ താമസം തുടങ്ങിയിരുന്നു. ഒരു വർഷമേ ആയിട്ടുള്ളൂ വീട് പൂർത്തിയാക്കിയിട്ട്. 8–10 ദിവസം മുൻപ് ശ്രീജയും ഷാജിയും താമസം തുടങ്ങിയതോടെ, ഞാൻ അവിടെ പോകാതെയായി. വീട്ടിൽ നിന്നു ശ്രീജയെയും ഷാജിയെയും ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ടാണു ഞാൻ കഴിഞ്ഞ ഞായറാഴ്ച പൊലീസിൽ പരാതി നൽകിയത്. ഇതിൽ ഇന്നലെ മധ്യസ്ഥ ചർച്ച വച്ചിരുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്ക് ചെറുപുഴ സ്റ്റേഷനിലേക്കു പൊലീസ് വിളിപ്പിച്ചിരുന്നു. പിന്നീട്, അവർ തന്നെ തിരിച്ചു പോകാൻ പറഞ്ഞു. അപ്പോഴാണു സംഭവത്തിന്റെ സൂചന കിട്ടിയത്. പിന്നീടു മറ്റുള്ളവർ പറഞ്ഞാണു മുഴുവനായി അറിഞ്ഞത്. മക്കളുടെ മൃതദേഹം കാണാൻ പോയിട്ടില്ല. കുട്ടികളുടെ ചെലവെല്ലാം ഞാൻ തന്നെയാണു വഹിച്ചിരുന്നത്. മക്കളെ എന്തിനാണു കൊന്നത്?’ സുനിൽ പറയുന്നു. 

സുനിലിന്റെ മൊഴി ഇന്നലെ രാവിലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീജ, ഷാജിയെ വിവാഹം ചെയ്തതിനു ശേഷവും ഒരു തവണ വാച്ചാലിലെ വീട്ടിൽ പോയിരുന്നുവെന്നും സുനിൽ പറഞ്ഞു. അതിനു ശേഷം വാച്ചാലിലെ വീട്ടിൽ താൻ താമസിച്ചിട്ടില്ലെന്നും 2–3 ദിവസം ജോലി സ്ഥലത്തായിരുന്നുവെന്നും സുനിൽ പറഞ്ഞു. ഇപ്പോൾ കൊരമ്പക്കല്ലിലെ തറവാട്ടു വീട്ടിലാണു താമസം. പേരക്കുട്ടികളുടെ മരണത്തിലെ ആഘാതത്തിലാണു സുനിലിന്റെ അമ്മ കാർത്ത്യായനിയും മറ്റു കുടുംബാംഗങ്ങളും. ‘ഇടയ്ക്ക് അവർ ഇവിടെ വരാറുണ്ടായിരുന്നു. ഇവരു രണ്ടാളും പണിക്കു പോകുമ്പോൾ, അവരെ നോക്കിയതു ഞാനായിരുന്നു. സ്നേഹമുള്ള മക്കൾ. രണ്ടാമത്തെ മകൻ സുജിന്റെ കാലിന്റെ ചില പ്രശ്നങ്ങൾ ചികിത്സിച്ചു നേരയാക്കിയതേയുള്ളൂ. നേരാംവണ്ണം അവനെ നടക്കാൻ വിട്ടില്ലല്ലോ.’ കാർത്ത്യായനിയമ്മ പറഞ്ഞു.

മകളെയും കൊച്ചുമക്കളെയും നഷ്ടപ്പെട്ട സങ്കടം അടക്കാനാകാതെ ശ്രീജയുടെ പിതാവ് ചെറുവത്തൂർ നടുക്കുടി ആനിക്കാടി കോളനിയിലെ നടുക്കുടി വീട്ടിൽ ബാലകൃഷ്ഷനും വിങ്ങിപ്പൊട്ടുകയായിരുന്നു. ‘ഒന്നും ഞാനറിഞ്ഞില്ല. രാവിലെ നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോഴാണു വിവരം അറിയുന്നത്. സുനിലും ശ്രീജയും തമ്മിൽ പ്രേമിച്ചു വിവാഹം ചെയ്തതാണ്. ഞങ്ങൾ എതിർത്തില്ല. പിന്നീടു ഞങ്ങളത് അംഗീകരിക്കുകയും ചെയ്തു. കുടുംബങ്ങൾ തമ്മിൽ വല്ലപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. 

വാച്ചാലിലെ വീടുണ്ടാക്കാൻ ഞങ്ങളും സഹായിച്ചിരുന്നു. പക്ഷേ, വീടു കേറിത്താമസത്തിനു ഞങ്ങളെയാരെയും വിളിച്ചില്ല. അതു മനഃപ്രയാസമുണ്ടാക്കി. പിന്നീടു തീരെ ബന്ധമില്ലാതായി. ഷാജിയുമായുള്ള ബന്ധമോ വിവാഹമോ ഞങ്ങൾ അറിഞ്ഞതേയില്ല. ഷാജിയുമായുള്ള വിവാഹമൊക്കെ ഫോട്ടോ കണ്ട അറിവു മാത്രമേയുള്ളൂ,’ ബാലകൃഷ്ണൻ പറഞ്ഞു. ‌ഷാജിയുമായുള്ള ബന്ധമോ വിവാഹമോ അറിയില്ലെന്നു ശ്രീജയുടെ സഹോദരി രത്നാവതിയും പറഞ്ഞു.

MORE IN KERALA
SHOW MORE